മട വീഴ്ച രൂക്ഷമായ കുട്ടനാട്ടിൽ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ചെന്നിത്തല

മടവീഴ്ച രൂക്ഷമായ കുട്ടനാട്ടിൽ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാടിനായി പ്രഖ്യാപിച്ച ഒരുപാട് പാക്കേജുകളുണ്ടെന്നും സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ ശരിയല്ല. പ്രളയക്കെടുതികളെ നേരിടാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ഇതുവരെ നൽകിയ പണം ചെലവഴിച്ചോയെന്ന് പിന്നീട് പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് ഇത്തവണ പ്രതിപക്ഷത്തിന്റെ സഹകരണം സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കൊപ്പം ദുരിത സ്ഥലങ്ങൾ സന്ദർശിക്കാതിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here