അസം പൗരത്വ രജിസ്റ്റര്‍ പുനഃപരിശോധന; കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി

അസം പൗരത്വ രജിസ്റ്റര്‍ പുനഃപരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി. അന്തിമ കരട് ഓഗസ്റ്റ് മുപ്പത്തിയൊന്നിന് തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. പുതുതായി ചേര്‍ത്തവരുടെ പേരുകള്‍ക്കൊപ്പം ഒഴിവാക്കിയവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം.

ആധാര്‍ വിവരങ്ങള്‍ പോലെ പൗരത്വ രജിസ്റ്റര്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിന് പുറമേ അസം സര്‍ക്കാരും പുനഃപരിശോധനക്ക് അനുമതി തേടിയിരുന്നു. അര്‍ഹരല്ലാത്തവര്‍ കടന്നുകൂടിയെന്നാണ് കേന്ദ്ര- അസം സര്‍ക്കാരുകളുടെ വാദം.

നിലവില്‍ രാജ്യത്ത് എന്‍ആര്‍സിയുള്ള ഏക സംസ്ഥാനം അസമാണ്. ബംഗ്ലാദേശില്‍ നിന്നും കുടിയേറ്റക്കാര്‍ വ്യാപകമായി പ്രവഹിക്കുന്നെന്നും അവര്‍ അനധികൃതമായി വോട്ട് ചെയ്യുന്നെന്നുമുള്ള ആക്ഷേപത്തെത്തുടര്‍ന്നാണ് പൗരത്വ രജിസ്റ്റര്‍ ഏര്‍പ്പെടുത്തിയത്. നിലവില്‍ 1971 മാര്‍ച്ച് 24-നുശേഷം തങ്ങള്‍ അസമിലാണു താമസിക്കുന്നതെന്നു തെളിയിക്കുന്ന എല്ലാ രേഖകളും സമര്‍പ്പിക്കുന്നവര്‍ക്കേ എന്‍ആര്‍സിയില്‍ ഇടംപിടിക്കാനാവൂ എന്ന സാഹചര്യമാണ് ഇവിടെയുള്ളത്.

അതേ സമയം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന പ്രക്രിയയ്ക്കൊപ്പം സമാന്തരമായി രാജ്യത്തെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. 1955ലെ പൗരത്വ നിയമപ്രകാരം രാജ്യത്തു ജനിക്കുന്നവരും ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്നവരും 11 വര്‍ഷമായി രാജ്യത്തു സ്ഥിരതാമസക്കാരായ വിദേശികളും പൗരത്വത്തിന് അര്‍ഹരാണ്. ഈ നിയമത്തിന്റെ 2 (1) ബി സെക്ഷനിലാണ് അനധികൃത കുടിയേറ്റക്കാരെ നിര്‍വ്വചിച്ചിരിക്കുന്നത്.

നിയമസാധുതയുള്ള പാസ്പോര്‍ട്ടോ മതിയായ യാത്രാരേഖകളോ ഇല്ലാത്തവരും പാസ്പോര്‍ട്ടും യാത്രാരേഖകളും അനുവദിക്കുന്ന സമയം കഴിഞ്ഞിട്ടും രാജ്യത്തു തങ്ങുന്നവരും അനധികൃത കുടിയേറ്റക്കാരായിരിക്കും എന്നാണ് നിര്‍വ്വചനം. ഇവരെ ശിക്ഷിക്കാനും നാടുകടത്താനും നിയമം അനുശാസിക്കുന്നു. ഈ വ്യവസ്ഥകളില്‍ ഇളവ് വരുത്തിക്കൊണ്ടാണ് പുതിയ നിയഭേദഗതി കൊണ്ടുവരാനുള്ള ശ്രമം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More