കശ്മീരിലെ നിയന്ത്രണങ്ങളില്‍ അടിയന്തരമായി ഇടപെടാതെ സുപ്രീം കോടതി

Supreme Court India

കശ്മീരിലെ നിയന്ത്രണങ്ങളില്‍ അടിയന്തരമായി ഇടപെടാതെ സുപ്രീംകോടതി. അന്തരീക്ഷം മെച്ചപ്പെടും വരെ കേന്ദ്രസര്‍ക്കാരിന് സമയം നല്‍കേണ്ടതുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, കശ്മീരില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ബാസിനിന്റെ ആവശ്യം മറ്റൊരു ബെഞ്ച് അംഗീകരിച്ചു. മാത്രമല്ല ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെല്ലുവിളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്വീകരിച്ചു.

സഞ്ചാര സ്വാതന്ത്ര്യം അടക്കം ഭരണഘടനാ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്. ജമ്മു കാശ്മീരിലെ സാഹചര്യം നിരന്തരം വിലയിരുത്തുന്നുവെന്നും സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അറിയിച്ചു.

ഒരു തുള്ളി ചോര പൊടിഞ്ഞില്ല. ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല. മുന്‍കരുതലെന്ന നിലയിലാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍. ഒരു വിഭാഗം ആള്‍ക്കാര്‍ അവസരത്തിനായി കാത്തിരിക്കുന്നുവെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി. പൗരസ്വാതന്ത്ര്യത്തിന് ഒപ്പമാണെന്ന് പ്രതികരിച്ച കോടതി, എല്ലാ വശവും നോക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. അരുതാത്തത് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം ഏല്‍ക്കുമെന്ന് ജസ്റ്റിസ് എംആര്‍ ഷാ ചോദിച്ചു.

ഹര്‍ജി രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കാനും തീരുമാനിച്ചു. അതേസമയം, ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത രാഹുല്‍ ഗാന്ധി, ഉടന്‍ തന്നെ കശ്മീരിലെത്തുമെന്ന് ട്വീറ്റ് ചെയ്തു. സഞ്ചരിക്കാനും മനുഷ്യരുമായി കൂടിക്കാഴ്ച നടത്താനുമുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More