Advertisement

ഇന്ത്യക്കെതിരായ ടി-20 ടീമിൽ ഇടമില്ല; സെലക്ടർമാർക്കെതിരെ ഡെയിൽ സ്റ്റെയിൻ

August 14, 2019
7 minutes Read

ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി-20 പരമ്പരയിൽ തന്നെ പരിഗണിക്കാതിരുന്ന സെലക്ടർമാർക്കെതിരെ ദക്ഷിണാഫ്രിക്കൻ പേസർ ഡെയിൽ സ്റ്റെയിൻ. കോച്ചിംഗ് സ്റ്റാഫിനെ മാറ്റുന്ന തിരക്കിൽ തൻ്റെ നമ്പർ അവർ മറന്നു പോയിട്ടുണ്ടാവുമെന്നായിരുന്നു സ്റ്റെയിൻ്റെ പരാമർശം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം സെലക്ടർമാർക്കെതിരെ രംഗത്തു വന്നത്.

സെലക്ടർമാർക്കെതിരെ വാളെടുത്തതിനൊപ്പം സ്റ്റെയിൻ വിരാട് കോലിയോട് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. സെലക്ടർമർക്കെതിരെ നടത്തിയ തൻ്റെ ട്വീറ്റിനു വന്ന ഒരു റിപ്ലേയുടെ മറുപടി ആയാണ് സ്റ്റെയിൻ കോലിയോടും ഇന്ത്യക്കാരോടും ക്ഷമാപണം നടത്തിയത്. ‘വലിയ മാച്ചുകളിലേക്ക് താങ്കളെ കരുതി വെക്കുകയാവും’ എന്ന ട്വീറ്റിന് ‘അവർ അങ്ങനെയല്ലെന്ന് (വലിയ മാച്ച് അല്ലെന്ന്) ചിന്തിക്കുന്നതിൽ കോലിയോടും ദശലക്ഷക്കണക്കിന് ആൾക്കാരോടും ഞാൻ മാപ്പ് ചോദിക്കുന്നു’ എന്നാണ് സ്റ്റെയിൻ മറുപടി നൽകിയത്.

ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്കാണ് നയിക്കുന്നത്. വാൻഡർഡസനാണ് ഉപനായക‌ൻ. ലോകകപ്പിൽ ടീമിനെ നയിച്ച ഫാഫ് ഡുപ്ലെസിസ് ടി-20 ടീമിൽ ഇടം നേടിയില്ല.

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനെ മുൻ നിർത്തിയുള്ള സംഘത്തെയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്ക തിരഞ്ഞെടുത്തിരിക്കുന്നത്‌. ടെംബ ബാവുമ, ആൻ റിച്ച് നോർത്തെ, ഫോർട്ടുയിൻ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

പര്യടനത്തിൽ മൂന്ന് ടി-20 മത്സരങ്ങളാണുള്ളത്. സെപ്റ്റംബർ 15 ന് ധർമ്മശാലയിലാണ് ആദ്യ മത്സരം നടക്കുക. സെപ്റ്റംബർ 18 ന് മൊഹാലിയിൽ രണ്ടാം ടി-20 യും, സെപ്റ്റംബർ 22 ന് ബെംഗളൂരുവിൽ മൂന്നാം ടി-20 യും നടക്കും.

ടീം: ക്വിന്റൺ ഡികോക്ക് (ക്യാപ്റ്റൻ), വാൻഡർഡസൻ, ടെംബ ബാവുമ, ജൂനിയർ ഡാല, ഫോർട്ടൂയിൻ, ബ്യൂറൻ ഹെൻഡ്രിക്ക്സ്, റീസ ഹെൻഡ്രിക്ക്സ്, ഡേവിഡ് മില്ലർ, ആൻ റിച്ച് നോർത്തെ, ആൻഡിലെ ഫെഖ്ലുക്വായോ, ഡ്വെയിൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, ടബ്രായിസ് ഷംസി, ജോൺ ജോൺ സ്മട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top