കെ എം ബഷീറിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകും; കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകും. മലയാളം സർവകലാശാലയിലാണ് ജോലി നൽകുക. ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. ബഷീറിന്റെ മക്കൾക്ക് രണ്ട് ലക്ഷം രൂപയും ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ് നൽകുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ആഗസ്റ്റ് മൂന്ന് ശനിയാഴ്ച പുലർച്ചെയാണ് ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച വാഹനം ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബഷീർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചതായി വിമർശനം ഉയർന്നിരുന്നു. മദ്യപിച്ചെന്ന് വ്യക്തമായിട്ടും രക്തപരിശോധന പത്ത് മണിക്കൂറോളം വൈകിയിരുന്നു. വഫയെ ചോദ്യം ചെയ്യാതെ വിട്ടയച്ചതും വിമർശനത്തിനിടയാക്കി. പിന്നീട് ശ്രീറാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
ശ്രീറാമിന്റെ ജാമ്യ ഹർജി പരിഗണിച്ച ഹൈക്കോടതി പൊലീസ് വീഴ്ചയെ രൂക്ഷമായി വിമർശിച്ചു. മദ്യപിച്ചെന്ന് വ്യക്തമായിട്ടും എന്തകൊണ്ട് രക്തപരിശോധന നടത്തിയില്ലെന്ന് കോടതി ചോദിച്ചു. കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here