തകർത്തടിച്ച് ഗെയിലും ലൂയിസും; വിൻഡീസ് കുതിയ്ക്കുന്നു

ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ വിൻഡീസ് കുതിയ്ക്കുന്നു. ഓപ്പണർമാരായ ക്രിസ് ഗെയിലും എവിൻ ലൂയിസും ചേർന്ന് പവർ ഹിറ്റിംഗിൻ്റെ സമാനതകളില്ലാത്ത പ്രകടനമാണ് ആദ്യ പവർ പ്ലേയിൽ നടത്തിയത്. 11 ഓവർ പിന്നിടുമ്പോൾ വിൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെന്ന നിലയിലാണ്. ക്രിസ് ഗെയിൽ അർദ്ധസെഞ്ചുറി നേടി പുറത്താവാതെ നിൽക്കുകയാണ്.

പതിഞ്ഞ തുടക്കത്തിനു ശേഷം ഇടയ്ക്ക് പെയ്ത മഴയാണ് ഇന്ത്യൻ ബൗളിംഗിൻ്റെ താളം തെറ്റിച്ചത്. 4 ഓവറിൽ 13 റൺസ് മാത്രമുണ്ടായിരുന്ന സ്കോർ പിന്നീടാണ് കുതിയ്ക്കാൻ തുടങ്ങിയത്. അഞ്ചാം ഓവറിൽ 16, ആറാം ഓവറിൽ 20, ഏഴാം ഓവറിൽ 14, എട്ടാം ഓവറിൽ 16, ഒൻപതാം ഓവറിൽ 18, 10ആം ഓവറിൽ എന്നിങ്ങനെയാണ് വിൻഡീസ് ഓപ്പണർമാർ സ്കോർ ചെയ്തത്.  30 പന്തുകളിൽ അഞ്ച് വീതം ബൗണ്ടറികളും സിക്സറുകളും സഹിതമാണ് ഗെയിൽ അർദ്ധസെഞ്ചുറി കുറിച്ചത്.

5 ഓവറുകളെറിഞ്ഞ ഭുവനേശ്വർ 48 റൺസ് വഴങ്ങിയപ്പോൾ 3 ഓവറുകൾ എറിഞ്ഞ ഷമി 31 റൺസും 2 ഓവറുകൾ എറിഞ്ഞ ഖലീൽ അഹ്മദ് 33 റൺസും വഴങ്ങി. 11ആം ഓവർ എറിഞ്ഞ യുസ്‌വേന്ദ്ര ചഹാൽ ഒരു റൺ മാത്രം വിട്ടു നൽകി എവിൻ ലൂയിസിനെ പുറത്താക്കി. 29 പന്തുകളിൽ 43 റൺസെടുത്ത ലൂയിസ് ധവാൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ഓപ്പണിംഗ് പാർട്ണർഷിപ്പിൽ ഗെയിലുമായിച്ചേർന്ന് 115 റൺസാണ് ലൂയിസ് കൂട്ടിച്ചേർത്തത്.

നിലവിൽ ഗെയിൽ 37 പന്തുകളിൽ 66 റൺസെടുത്തും ഷായ് ഹോപ്പ് റണ്ണൊന്നുമെടുക്കാതെയും പുറത്താവാതെ നിൽക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top