ലിജോയുടെ ജെല്ലിക്കെട്ടും ഗീതുവിന്റെ മൂത്തോനും ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും ഗീതു മോഹൻദാസിൻ്റെ മൂത്തോനും ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന്. ഫെസ്റ്റിവലിലെ കണ്ടംപററി വേൾഡ് സിനിമ വിഭാഗത്തിലാണ് ജെല്ലിക്കെട്ട് പ്രദർശിപ്പിക്കുക. ജല്ലിക്കെട്ടിനൊപ്പം ഗീതാഞ്ജലി റാവുവിൻ്റെ അനിമേഷൻ സിനിമ ബോംബേ റോസും കണ്ടംപററി വേൾഡ് സിനിമ വിഭാഗത്തിലെ ഇന്ത്യൻ സാന്നിധ്യമാണ്.
ഗീതു മോഹൻദാസിൻ്റെ മൂത്തോൻ, ഷൊണാലി ബോസിൻ്റെ ദി സ്കൈ ഈസ് പിങ്ക് എന്നീ സിനിമകളും ഇന്ത്യയെ പ്രതിനിധീകരിച്ച് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെടും. മൂത്തോൻ സ്പെഷ്യൽ പ്രസൻ്റേഷൻസ് വിഭാഗത്തിലും ദി സ്കൈ ഈസ് പിങ്ക് ഗല പ്രസൻ്റേഷൻസ് വിഭാഗത്തിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഒരു ഗ്രാമത്തിൽ നിന്നും രക്ഷപ്പെടുന്ന പോരുകാളയുടെ അതിക്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ സ്റ്റില്ലുകളൊക്കെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമയുടെ പ്രദർശനം എന്നാണെന്ന് ഫെസ്റ്റിവൽ അധികൃതർ അറിയിച്ചിട്ടില്ല. ഈ മാസം 20ന് ഷോ ടൈമിംഗ്സ് പുറത്തു വിടുമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.
ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജെല്ലിക്കെട്ട്. നേരത്തെ, ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ.യൗ തുടങ്ങിയ ശ്രദ്ധേയമായ പല സിനിമകളും ലിജോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു. വിനായകൻ, ആൻ്റണി വർഗീസ്, സാബുമോൻ അബ്ദുൽ സമദ് തുടങ്ങി ഒരുപിടി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്.
കഥാകൃത്ത് എസ് ഹരീഷിൻ്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തം. എസ് ഹരീഷും ആർ ഹരികുമാറും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് സിനിമാട്ടോഗ്രാഫി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here