20 കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം നൽകാമെന്ന് നാസർ മാനു; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മഴക്കെടുതിയിൽ കേരളം വിറങ്ങലിക്കുമ്പോഴും ചില മനുഷ്യർ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സഹജീവി സ്നേഹത്തിൻ്റെ ഉദാത്തമായ മാതൃകകൾ ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നു. ലാഭവും നഷ്ടവും നോക്കാതെ ഓരോരുത്തർ സഹായങ്ങൾക്കും സാന്ത്വനത്തിനുമായി മുന്നിട്ടിറങ്ങുന്നു. ഈ പട്ടികയിലേക്കാണ് നാസർ മാനു എന്നയാളും നടന്നു കയറുന്നത്.
വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങള്‍ക്ക് സ്ഥലം വിട്ടുനല്‍കാമെന്ന് പറഞ്ഞ് മുന്നോട്ടുവന്ന നാസര്‍ മാനു എന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിലമ്പൂരും പാണ്ടിക്കാടും പത്ത് വീതം കുടുംബങ്ങൾക്ക് വീടു വെക്കാനുള്ള സ്ഥലം നൽകാമെന്നാണ് നാസർ മാനു വീഡിയോയിലൂടെ പറയുന്നത്.
‘ഞാന്‍ നാസര്‍ മാനു. വയനാട്, നിലമ്പൂരിലെ അവസ്ഥ വളരെ ദയനീയമാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ചിലര്‍, അതുപോലെ വീട് നഷ്ടപ്പെട്ടവര്‍ അങ്ങനെ ഒരുപാട് പേര്‍ വലിയ ദുരിതത്തിലാണ്. കുറ്റിപ്പുറത്ത് 10 കുടുംബത്തിന് വീട് വയ്ക്കാനുള്ള സൗകര്യം ഞാന്‍ ചെയ്തു കൊടുക്കാം. ഏതു സംഘടന വരുകയാണെങ്കിലും അവരുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തുകൊടുക്കാം. അതുപോലെ പാണ്ടിക്കാട് പത്തു കുടുംബത്തിന് വീട് വയ്ക്കാന്‍ സ്ഥലം കൊടുക്കാം. വെള്ളവും വൈദ്യുതിയും റോഡ് സൗകര്യവുമൊക്കെയുള്ള നല്ല സ്ഥലമാണ്.’- നാസര്‍ മാനു ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here