Advertisement

ദുരിതാശ്വാസ ക്യാമ്പിൽ പാട്ടുപാടി കൈയടി നേടിയ കാക്കിക്കുള്ളിലെ ആ ഗായകൻ ഇവിടെയുണ്ട്

August 14, 2019
Google News 1 minute Read

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ വേദനിച്ചവർക്കിടയിലേക്ക് കുളിർമഴയായാണ് പൊലീസ് ഉദ്യോഗസ്ഥൻ കെ എസ് ശ്രീജിത്തിന്റെ പാട്ട് പെയ്തിറങ്ങിയത്. ആളുകൾ തന്റെ പാട്ട് ഏറ്റെടുക്കുമെന്നൊന്നും ശ്രീജിത്ത് പ്രതീക്ഷിച്ചിരുന്നില്ല. വീഡിയോ പകർത്തിയവരോട് ഷെയർ ചെയ്യരുതെന്ന് പറയുകയും ചെയ്തു. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വാർത്തയാകുകയും ചെയ്തു. ശ്രീജിത്തിനൊപ്പം ‘എന്തിനാടി പൂങ്കൊടിയേ’ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ദുരിതത്തിൽ വേദനിക്കുന്നവർക്ക് ശ്രീജിത്ത് പാട്ടിലൂടെ പകർന്നു നൽകിയ സന്തോഷം അത്രമേൽ വിലകൽപിക്കുന്നതാണ്.

ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. ഇരിങ്ങാലക്കുട സ്വദേശി. പ്രളയത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച വെള്ളാഞ്ചിറ ഫാത്തിമ മാതാ എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 24 മണിക്കൂർ ഡ്യൂട്ടിയായിരുന്നു ശ്രീജിത്തിന് നൽകിയിരുന്നത്. മഴക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദന അവിടെയുള്ള അന്തേവാസികളുടെ മുഖത്ത് നിഴലിച്ചിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു. ക്യാമ്പിലുള്ളവർക്ക് ആശ്വാസമെന്നോണം പൊലീസുകാരുടെ തന്നെ നേതൃത്വത്തിൽ ചെറിയ രീതിയിൽ കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ആഘോഷങ്ങളിൽ മുഴുകാതെ പൊലീസുകാർ അവിടെ മാറിയിരിക്കുകയായിരുന്നു. വൈകീട്ട് വീണ്ടും പരിപാടി സംഘടിപ്പിച്ചപ്പോൾ പൊലീസുകാരുടെ ഭാഗത്തു നിന്നും കലാപരിപാടി നടത്താമെന്ന കാര്യം അവതരിപ്പിച്ചു. ക്യാമ്പിലുണ്ടായിരുന്നവർ വളരെ സന്തോഷത്തോടെയാണ് അതിനോട് പ്രതികരിച്ചത്. തന്നോട് പാടാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം ഒഴിഞ്ഞുമാറി. എല്ലാവരും നിർബന്ധിച്ചതോടെ പാട്ടുപാടുകയായിരുന്നുവെന്നും ശ്രീജിത്ത് പറയുന്നു.

ക്യാമ്പിലെ സന്ദർഭവുമായി ഏറെ പൊരുത്തപ്പെടുന്ന പാട്ടായിരുന്നു അത്. ക്യാമ്പിലുണ്ടായിരുന്ന കുഞ്ഞുമക്കളും പാട്ടിനൊപ്പം ചുവടുവെച്ചു. വീഡിയോ പലരും ഫോണിൽ പകർത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായതുകൊണ്ട് അത് ഏത് രീതിയിലാകും സ്വീകരിക്കപ്പെടുക എന്ന് അറിയാത്തതുകൊണ്ട് വീഡിയോ ഷെയർ ചെയ്യരുതെന്ന് അവിടെ ഉണ്ടായിരുന്നവരോട് പറഞ്ഞു. എന്നാൽ വീഡിയോ ഷെയർ ചെയ്യപ്പെട്ടു. വെള്ളാഞ്ചിറയിലുള്ള ഒരാൾ തന്നെയാണ് വീഡിയോ ഷെയർ ചെയ്തത്. അത് ആരാണെന്ന് അറിയില്ല. അതിന് ശേഷം വീഡിയോ പൊലീസിന്റെ പേജിൽ വന്നു. ഡിജിപി അഭിനന്ദനം അറിയിച്ചു. നിരവധി പേർ സന്തോഷമറിയിച്ച് വിളിച്ചുവെന്നും ശ്രീജിത്ത് പറയുന്നു.

ശ്രീജിത്ത് പാട്ടൊന്നും പഠിച്ചിട്ടില്ല. പക്ഷേ നാടൻ പാട്ടുകൾ പാടും. ശ്രീജിത്തിന് ഏറ്റവും ഇഷ്ടപ്പെട്ട നാടൻ പാട്ടാണ് ‘എന്തിനാടി പൂങ്കൊടിയേ’ എന്നത്. പാട്ടിൽ മാത്രമല്ല, ഡിപ്പാർട്ട്‌മെന്റിലും താരമാണ് ശ്രീജിത്ത്. ഇരിങ്ങാലക്കുട ഭാഗത്ത് ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല മോഷ്ടിച്ചിരുന്നയാളെ അവസരോചിതമായ ഇടപെടലിലൂടെ ശ്രീജിത്ത് പിടികൂടിയത് ഏറെ പ്രശംസ നേടാനിടയായ സംഭവമാണ്. ഇതിന് തൃശൂർ റൂറൽ പൊലീസിന്റെ അവാർഡ് ശ്രീജിത്ത് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇപ്പോൾ കാക്കിക്കുള്ളിലെ ഗായകനെ ജനം ഏറ്റെടുത്ത സന്തോഷത്തിലാണ് ശ്രീജിത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here