സർക്കാരിന്റെ ദുരിതാശ്വാസ സഹായം അപര്യാപ്തം; 4 ലക്ഷം രൂപയ്ക്ക് കേരളത്തിലെവിടെയും വീട് വെയ്ക്കാനാവില്ലെന്ന് ചെന്നിത്തല

സർക്കാർ പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസ സഹായം അപര്യാപ്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച നാല് ലക്ഷം രൂപയുടെ ധനസഹായം തീർത്തും അപര്യാപ്തമാണ്. നാല് ലക്ഷം രൂപയ്ക്ക് കേരളത്തിൽ എവിടെയും വീട് വെയ്ക്കാനാകില്ല. വീട് നഷ്ടപ്പെട്ടവർക്ക് 6 ലക്ഷമെങ്കിലും നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഭൂമിയും വീടും നഷ്ടപ്പെട്ടവർക്കും തുക കൂട്ടി നൽകണം. ക്യാമ്പുകളിൽ എത്താത്തവർക്കും 10,000 രൂപ അനുവദിക്കണം. ക്യാമ്പുകളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ദുരിതബാധിത കുടുംബങ്ങൾക്ക് 10,000 രൂപയും വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും സർക്കാർ ഇന്ന് ധനസഹായം പ്രഖ്യാപിച്ചിരുന്നു.
Read Also; പ്രളയക്കെടുതി; ദുരിതബാധിത കുടുംബങ്ങൾക്ക് 10,000 രൂപ; വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം രൂപ
വീടുകൾ പൂർണ്ണമായി തകർന്നവർക്കും വാസയോഗ്യമല്ലാതെ വീടിന് കേടുപാടുകൾ സംഭവിച്ചവർക്കും നാല് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപയും, വീട് വെയ്ക്കാൻ നാല് ലക്ഷം രൂപയുമാണ് മുഖ്യമന്ത്രി ഇന്ന് ധനസഹായം പ്രഖ്യാപിച്ചത്. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ കൈമാറി നൽകുന്നതിന് പൊതുമേഖലാ ബാങ്കുകളും, സഹകരണ ബാങ്കുകളും സാധാരണഗതിയിൽ ഈടാക്കാറുള്ള കമ്മീഷൻ ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്ക് സമിതിയോട് സർക്കാർ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here