അസാധ്യമായി ഒന്നുമില്ലെന്ന് കേരളം തെളിയിച്ചതാണ്; ഇനിയും ആ മനോഭാവം വേണമെന്നും മുഖ്യമന്ത്രി

അസാധ്യമായി ഒന്നുമില്ലെന്ന് കേരളം കാണിച്ചു കൊടുത്തതാണെന്നും ഇനിയും ഇത്തരം സന്ദർഭങ്ങളെ അതിജീവിക്കാൻ ആ മനോഭാവം തന്നെയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വൈഷമ്യങ്ങളേയും മറികടന്ന് നമുക്ക് മുന്നോട്ട് പോയേ പറ്റൂ. നമുക്കു വേണ്ടി മാത്രമല്ല നമ്മുടെ വരും തലമുറയ്ക്കും വേണ്ടിയാണത്. ഈ ബോധ്യത്തിന്റെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷം കൂടുതൽ പ്രസക്തവും പ്രാധാന്യവുമുള്ളതാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

വർഗീയതയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമായി നടക്കുന്ന ഛിദ്രീകരണ ശ്രമങ്ങളെ ചെറുക്കുകയെന്നതും പൗരൻമാർക്കിടയിലെ വിവേചനങ്ങൾ ഇല്ലാതാക്കുകയെന്നതുമൊക്കെയാണ് സ്വാതന്ത്ര്യത്തെ അർത്ഥപൂർണമാക്കാനുള്ള വഴികൾ. വൈദേശികമായുള്ള ഭീഷണികളെ നേരിടാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കവളപ്പാറയിൽ ഒരു ആരാധനാലയം കാട്ടിയത് മഹനീയ മാതൃകയാണ്. ഒരു മുസ്ലീം ആരാധനാലയം പോസ്റ്റ് മോർട്ടത്തിനായി തുറന്നു കൊടുത്തു. ഇത് രാജ്യത്തിന് മാതൃകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

Read Also; ‘ചെറിയ കുടുംബമുള്ളവരാണ് യഥാർത്ഥ ദേശഭക്തർ’; ജനപ്പെരുപ്പം നിയന്ത്രിക്കാൻ ആഹ്വാനം ചെയ്ത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി

മതത്തിന്റെ പേരിൽ വിവേചനങ്ങൾ ഉണ്ടാകുന്നെങ്കിലും പൗരന്മാർ നീക്കി നിർത്തപ്പെടുന്നുണ്ടെങ്കിലും സംശയത്തോടെ വീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും നിർഭയത്വത്തോടെ കഴിയാനുള്ള അവസരം നിഷേധിക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ അർഥം മതനിരപേക്ഷത ദുർബലപ്പെടുന്നു എന്നതാണ്.ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുഃഖത്തിന്റെ നിഴൽ വീണ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം. എന്തു ദുരന്തമുണ്ടായാലും നമ്മൾ തളരരുതെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ സ്മരണയ്ക്ക് മുന്നിൽ പ്രണമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതിയെ അവഗണിക്കുന്നതാണ് ഇന്നത്തെ ദുരന്തങ്ങൾക്ക് കാരണമെന്നും പരിസ്ഥിതി സൗഹാർദ സമീപനം അനിവാര്യമായിരിക്കുകയാണെന്നും ഗവർണർ പി.സദാശിവം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വ്യക്തമാക്കി.പ്രളയബാധിതരെ ചേർത്തു നിർത്താനും അവരെ സഹായിക്കാനും എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഗവർണർ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനം പ്രമാണിച്ച് രാജ് ഭവനിൽ ഇന്ന് വൈകീട്ട് നടത്താനിരുന്ന സ്വീകരണം റദ്ദാക്കിയിട്ടുണ്ട്.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാകയുയർത്തി. കോഴിക്കോട് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മന്ത്രി എ കെ ശശീന്ദ്രനും കോട്ടയത്ത് പി തിലോത്തമനും കണ്ണൂരിൽ മന്ത്രി ഇ.പി ജയരാജനും പതാകയുയർത്തി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More