അന്‍പത് വര്‍ഷം പൂര്‍ത്തീകരിച്ച് ഐഎസ്ആര്‍ഒ…

ഐഎസ്ആര്‍ഒ അഥവാ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് ഇന്ന് 50 വയസ്സ്. ആര്യഭട്ട മുതല്‍ ചന്ദ്രയാന്‍ രണ്ട് വരെ. കഴിഞ്ഞ അഞ്ചു ദശകങ്ങള്‍ക്കിടയില്‍ ഐഎസ്ആര്‍ഒ രാജ്യത്തിന് സമര്‍പ്പിച്ചത് നിരവധി അഭിമാന നിമിഷങ്ങളാണ്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യമടക്കം ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കരുത്തും കുതിപ്പുമാണ് ഐഎസ്ആര്‍ഒ
ആവശ്യത്തിന് പണമില്ലാത്തതിനാല്‍ വിദേശ രാജ്യങ്ങളുടെ സഹായത്തിലായിരുന്നു ഐഎസ്ആര്‍ഒയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. അക്കാലത്ത് ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലില്‍ മുട്ടുന്ന ഇന്ത്യക്കാരന്റെ കാര്‍ട്ടൂണ്‍ രാജ്യാന്തര മാധ്യമങ്ങള്‍ വന്‍ തോതില്‍ ആഘോഷിച്ചിരുന്നു. ഇന്ന് പക്ഷേ വന്‍ നേട്ടങ്ങളുമായി രാജ്യാന്തര മാധ്യമങ്ങളില്‍ ഐഎസ്ആര്‍ഒ ഇടംപിടിക്കുമ്പോള്‍ വിമര്‍ശകര്‍ക്കു മുന്നില്‍ ഇന്ത്യയുടെ സ്വന്തം ഐഎസ്ആര്‍ഒ നേട്ടങ്ങളുടെ പടികള്‍ കീഴടക്കുകയാണ്.
ചാന്ദ്രപര്യവേഷണങ്ങള്‍ക്കായി ചാന്ദ്രയാന്‍ ദൗത്യങ്ങള്‍, പുനരുപയോഗിക്കാവുന്ന റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍, പിഎസ്എല്‍വി റോക്കറ്റ്, ചൊവ്വാ പരീക്ഷണത്തിനായി മംഗള്‍യാന്‍, ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ എന്ന റെക്കോര്‍ഡ്. ഐഎസ്ആര്‍ഒയുടെ വിജയങ്ങള്‍ അനവധിയാണെങ്കിലും മറ്റു രാജ്യങ്ങള്‍ക്കൊന്നും സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത വെല്ലുവിളി സ്വീകരിച്ച് ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ ബഹിരാകാശദൗത്യങ്ങള്‍ നടത്തുന്നു എന്ന നേട്ടവും ഐഎസ്ആര്‍ഒയ്ക്ക സ്വന്തമാണ്.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യവും, സൂര്യപര്യവേക്ഷണത്തിനുള്ള ആദിത്യയും ശുക്രപര്യവേക്ഷണത്തിനുള്ള വീനസും ഐഎസ്ആര്‍ഒയുടെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തില്‍ വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍, 1969 ല്‍ രൂപം കൊണ്ട ഐഎസ്ആര്‍ഒയുടെ കുതിപ്പ് ഇനിയും ലോകം കാണാനിരിക്കുന്നതേയുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here