ഫോൺ വിളിക്കാൻ കാത്തിരിക്കേണ്ടത് മണിക്കൂറുകളോളം; സംസാരിക്കാൻ കഴിയുക രണ്ട് മിനിട്ട്: കശ്മീരിൽ നിന്ന് ഉള്ളുലയ്ക്കുന്ന വാർത്തകൾ

പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം കശ്മീരിൽ നിന്നെത്തുന്നത് ഉള്ളുലയ്ക്കുന്ന വാർത്തകളാണ്. പ്രിയപ്പെട്ടവരോട് സംസാരിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് കശ്മീരിലുള്ളത്. കാത്തിരുന്ന് അവസരം കിട്ടിയാലും മിനിട്ടുകൾ കൊണ്ട് അതൊക്കെ സംസാരിച്ചു തീർക്കുകയും വേണം.
മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതോടെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കശ്മീരികൾ കഴിയുന്നത്. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലുള്ള ഫോണിലൂടെ മാത്രമാണ് അവർക്ക് കശ്മീരിനു പുറത്തുള്ളവരുമായി സംവദിക്കാൻ സാധിക്കുന്നത്. ഈ ഫോണിനു വേണ്ടിയുള്ള നീണ്ട ക്യൂ ആണ് അവിടെ.
ബന്ധുക്കളുടെ മരണവിവരം പോലും അറിയുന്നത് ദിവസങ്ങൾക്കു ശേഷമാണ്. കുറച്ചു ദിവസങ്ങളായി അനുഭവിക്കുന്ന അരക്ഷിതാവസ്ഥയിൽ മനം നൊന്ത് കരച്ചിലിനിടയിലൂടെ പറയുന്ന കാര്യങ്ങൾ പലപ്പോഴും അപ്പുറത്ത് റിസീവർ പിടിച്ചു നിൽക്കുന്നവർക്ക് മനസ്സിലാവാറില്ല. സംസാരിച്ച് കൊതി തീരും മുൻപ് അടുത്തയാളുടെ ഊഴമാകും. നിയന്ത്രണങ്ങൾക്ക് വൈകാതെ കുറവു വരുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നതെങ്കിലും ശുഭകരമായ വാർത്തകൾക്ക് എത്ര ദിവസം കൂടി കാത്തിരിക്കേണ്ടി വരണമെന്നത് കണ്ടറിയണം.
ഓഗസ്റ്റ് അഞ്ചു മുതലാണ് കശ്മീരിൽ ഇത്തരം നിയന്ത്രണങ്ങൾ ആരംഭിച്ചത്. കശ്മീർ വിഭജനത്തോടൊപ്പം പ്രത്യേക പദവി എടുത്തുകളഞ്ഞതും ഇത്തരം നിയന്ത്രണങ്ങളുടെ ചുവടുപിടിച്ചായിരുന്നു. മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതിനു പിന്നാലെ വാർത്താ ചാനലുകൾക്കും കശ്മീരിൽ നിയന്ത്രണമുണ്ട്. കശ്മീരിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന് ബിസിസി അറിയിച്ചിരുന്നു. കശ്മീരിൽ പ്രശ്നങ്ങളൊന്നുമില്ല എന്ന കേന്ദ്ര സർക്കാരിൻ്റെ അവകാശ വാദങ്ങളെ തള്ളി അവർ ചില റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇതൊക്കെ വ്യാജമാണെന്ന കേന്ദ്ര സർക്കാരിൻ്റെ അവകാശ വാദങ്ങളെ ബിബിസി നിഷേധിക്കുകയും ചെയ്തിരുന്നു. ബിബിസിക്കൊപ്പം റോയിട്ടേഴ്സ്, അൽ ജസീറ എന്നീ മാധ്യമങ്ങളും കേന്ദ്ര സർക്കാരിനെതിരെ രംഗത്തു വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here