ദുരിതബാധിതരുടെ അതിജീവനത്തിനായി പോരാടുന്ന ശ്യാംകുമാറിനും വേണം ഒരു കൈ സഹായം

തെക്കും വടക്കും മറന്ന് പ്രളയത്തിനു കുറുകെ മലയാളികള്‍ കൈകോര്‍ക്കുമ്പോള്‍ തിരുവനന്തപുരത്തെ കളക്ഷന്‍ പോയിന്റില്‍ നിന്ന് അതിജീവനത്തിനായി പോരാടുന്ന ഒരു പത്തൊന്‍പത് കാരനെ കാണാം…
തന്റെ പരിമിതികളെ അതിജീവിച്ച് പ്രളയമേഖലകളിലേക്ക് സാധനങ്ങള്‍ കയറ്റിവിടുന്ന തിരക്കിലാണ് ശ്യാംകുമാര്‍. മുറിച്ചു കളഞ്ഞ വലതുകാലിന് പകരം കൃത്രിമ കാലുകള്‍, മൂന്ന് കിഡ്‌നികളാണ് ശ്യാമിനുള്ളത് മൂന്നും പ്രവര്‍ത്തിക്കുന്നില്ല. പതിനാല് മേജര്‍ സര്‍ജറികള്‍. ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബ് മാറ്റിയാല്‍ 5 മണിക്കൂറില്‍ കൂടുതല്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് ശ്യാം പറയുന്നതും നിറചിരിയോടെയാണ്.
കേള്‍ക്കുന്നവരുടെ ഹൃദയം നുറുങ്ങുന്ന ഈ വാക്കുകളില്‍ അതി ജീവനത്തിന്റെ അത്മവിശ്വാസമുണ്ട്. അതിജീവനത്തിന്റെ കരുത്തായ ഈ പത്തൊന്‍പതുകാരനെ ഓരോ മലയാളിയും അറിയണം. ശ്യാംകുമാറിനെ തേടി വിമന്‍സ് കോളജിലെ കളക്ഷന്‍ പോയിന്റിലെത്തിയപ്പോള്‍ കാണുന്ന കാഴ്ച്ച ഇതാണ്.
തിരുവന്തപുരം പേയാടിന് സമീപം ശാസ്താംപാറ സ്വദേശിയായ ശ്യാംകുമാര്‍ എംജി കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. വലതുകാല്‍ ജന്മനാ മടങ്ങിയ അവസ്ഥയിലായതിനാല്‍ എട്ടാം വയസില്‍ കാല്‍ മുറിച്ചുകളഞ്ഞു. നിലവില്‍ 23 ശതമാനം മാത്രമാണ് കിഡ്‌നികളുടെ പ്രവര്‍ത്തനം. ഡയാലിസിസ് തുടങ്ങുന്നതിന് ആവശ്യമായ അഡാപറ്റര്‍ കൈയ്യില്‍ ഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ പ്രളയകാലത്തും കളക്ഷന്‍ പോയിന്റുകളില്‍ സജീവമായിരുന്നു ശ്യാം.16 കൊല്ലം വീട്ടില്‍ ഇരുന്നു. കഴിഞ്ഞ 2 വര്‍ഷായിട്ടാണ് ചേട്ടാ പുറത്തേക്ക് വന്നത്. ഇനി വീട്ടിലിരിക്കാന്‍ വയ്യെന്ന് ശ്യാം പറയുമ്പോള്‍ അതിന് പോരാട്ടത്തിന്റെ കരുത്തുണ്ട്.
കിഡ്‌നി മാറ്റി വയ്ക്കുക മാത്രമാണ് ശ്യാമിന് മുന്നിലുള്ള പോംവഴി. ഇരുപത്തിയഞ്ച് ലക്ഷം രൂപ ഇതിനായി ചിലവ് വരും. ഈ ചിരി എന്നും നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഏത് പ്രളയത്തില്‍ നിന്നും കരകയറാന്‍ ശ്യാമിനെ പോലുള്ളവര്‍ മുന്‍ നിരയിലുള്ളപ്പോള്‍ നമ്മളെങ്ങനെ തോറ്റ് പോവാനാണ്. ശ്യാമിന്റെ നിറചിരിക്കായി നമുക്കും കൈകോര്‍ക്കാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here