അയോധ്യാ തര്‍ക്കഭൂമിക്കടിയില്‍ ക്ഷേത്രാവശിഷ്ടത്തിന്റെ തെളിവുകള്‍ തേടി സുപ്രീംകോടതി

അയോധ്യാ തര്‍ക്കഭൂമിക്കടിയില്‍ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന വാദത്തിന് തെളിവുകള്‍ തേടി സുപ്രീംകോടതി. ബാബ്‌റി മസ്ജിദ് നിര്‍മിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന് മുകളിലാണെന്ന് പ്രധാനകക്ഷികളില്‍ ഒന്നായ രാം ലല്ല വാദിച്ചപ്പോഴാണ് കോടതി തെളിവ് ആവശ്യപ്പെട്ടത്.
പുരാവസ്തു വകുപ്പ് പര്യവേക്ഷണം നടത്തിയപ്പോള്‍ ബി.സി രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച നിര്‍മിതിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് രാം ലല്ലയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ വ്യക്തമാക്കി. അവിടം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തിരുന്നു. അതിനു മുകളിലാണ് ബാബ്‌റി മസ്ജിദ് നിര്‍മിച്ചതെന്നും വൈദ്യനാഥന്‍ വാദിച്ചു.
ഭൂമിക്കടിയില്‍ കണ്ടെത്തിയത് മതപരമായ നിര്‍മിതി ആയിരുന്നുവോ എന്ന് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ചോദിച്ചു. കാലഘട്ടം അടക്കം കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ആ നിര്‍മിതി രാമക്ഷേത്രം തന്നെയാകാനുള്ള സാധ്യതയ്ക്കാണ് മുന്‍തൂക്കം. ബുദ്ധ ക്ഷേത്രമായിക്കൂടെയെന്ന് ചോദ്യമുയര്‍ന്നെങ്കിലും രാംലല്ല നിഷേധിച്ചു. പുരാവസ്തു വകുപ്പിന്റെ പര്യവേക്ഷണത്തിനിടെ ശവക്കല്ലറ കണ്ടെത്തിയ കാര്യം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. രാമക്ഷേത്രത്തിന്റെ അവശിഷ്ടം തന്നെയാണ് എന്നതിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here