Advertisement

നേതാക്കൾ ശൈലിമാറ്റാതെ ജനങ്ങളുമായുള്ള അകൽച്ച കുറയ്ക്കാനാവില്ലെന്ന് സിപിഐഎം റിപ്പോർട്ട്

August 18, 2019
Google News 0 minutes Read

നേതാക്കൾ ശൈലിമാറ്റാതെ ജനങ്ങളുമായുള്ള അകൽച്ച കുറയ്ക്കാനാവില്ലെന്ന് സിപിഐഎം റിപ്പോർട്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച തെറ്റുതിരുത്തൽ കരടിലാണ് പരാമർശം. കൊൽക്കത്ത പ്ലീനം തീരുമാനങ്ങൾ നടപ്പാക്കാനായില്ലെന്ന സ്വയം വിമർശനവും കരടിലുണ്ട്.

നേതാക്കൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നാണ് കരട് തെറ്റുതിരുത്തൽ രേഖയിലുള്ളത്. എങ്കിൽ മാത്രമേ ജനങ്ങളെ പാർട്ടിയുമായി അടുപ്പിക്കാൻ കഴിയൂ. കൊൽക്കത്ത പ്ലീനം തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. സംഘടനാ സമ്മേളനങ്ങളുടെ ഘട്ടത്തിൽപോലും ഇതിനുള്ള ശ്രമമുണ്ടായില്ലെന്നും വിമർശനമുണ്ട്.

കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കാനാവണം. വർഗബഹുജന സംഘടനകളുടെ അടിത്തറ ശക്തമാക്കാനായില്ല. ഇതിലൂടെ എത്തുന്നവരെ കേഡർമാരാക്കി മാറ്റാൻ കഴിയുന്നില്ല. സാമൂഹ്യമാധ്യമങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിൽ മുന്നോട്ടുപോയിട്ടില്ലെന്നും കരടിൽ പറയുന്നു. പാർട്ടിയുടെ മുഖം മിനുക്കുന്നതിനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകാൻ മാരത്തോൺ നേതൃയോഗങ്ങൾക്കാണ് തിരുവനന്തപുരം എകെജി സെന്ററിൽ തുടക്കമായിരിക്കുന്നത്. നാളെയും മറ്റന്നാളും സെക്രട്ടേറിയറ്റ് തുടരും.

ബുധനാഴ്ച മുതൽ മൂന്നുദിവസം നീളുന്ന സംസ്ഥാനസമിതിയായിരിക്കും രേഖക്ക് അന്തിമരൂപം നൽകുക. സർക്കാരിന്റെ പ്രവർത്തനങ്ങളും യോഗങ്ങൾ വകുപ്പുതിരിച്ച് വിലയിരുത്തും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ മന്ത്രിമാർ സെക്രട്ടറിക്ക് കൈമാറി. സർക്കാരും പാർട്ടിയും ഏറ്റെടുക്കേണ്ട പരിപാടികളുടേയും പദ്ധതികളുടേയും രൂപരേഖ യോഗങ്ങൾ തയാറാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here