മകൾ കാമുകനൊപ്പം പോയി; നാട് മുഴുവൻ ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ച് അമ്മ

മകൾ കാമുകനൊപ്പം നാടുവിട്ടതിന്റെ ദേഷ്യത്തിന് മകൾക്ക് ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ച് അമ്മ. തിരുനെൽവേലി ജില്ലയിലെ തിശയൻവിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകൾക്ക് ആദരാഞ്ജലി അറിയിച്ചുകൊണ്ട് പോസ്റ്റർ പതിപ്പിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് മകൾ മരിച്ചുവെന്ന് കാണിച്ചായിരുന്നു പോസ്റ്റർ.

നാല് വർഷം മുൻപ് ഭർത്താവ് മരിച്ച ശേഷം വളരെ കഷ്ടപ്പെട്ടാണ് അമരാവതി മൂന്ന് പെൺമക്കളെ വളർത്തിയത്. ആഗസ്റ്റ് 14നാണ് അമരാവതിയുടെ മകൾ അഭി അയൽവാസിയെ വിവാഹം കഴിച്ചത്. തൊട്ടടുത്ത ദിവസം മുതൽ ഗ്രാമത്തിൽ പലയിടത്തായി അഭിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എന്നാൽ പോസ്റ്റർ പതിപ്പിച്ചത് ആരാണെന്ന് വ്യക്തമായിരുന്നില്ല.

അഭിയുടെ ഭർത്താവ് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് പോസ്റ്റർ പതിപ്പിച്ചത് അമരാവതിയാണെന്ന് വ്യക്തമായത്. തുടർന്ന് പോസ്റ്റർ പതിപ്പിച്ച വിവരം സന്തോഷ് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വിശദീകരണം ചോദിച്ചപ്പോൾ ഭർത്താവ് മരിച്ച തനിക്ക് മകൾ അങ്ങനെ ചെയ്തത് സഹിക്കാൻ കഴിയില്ലെന്നായിരുന്നു അമരാവതി പറഞ്ഞത്. അതേസമയം, സംഭവത്തിൽ പരാതി എഴുതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top