നോ ഡീല്‍ ബ്രക്‌സിറ്റ് സംഭവിച്ചാല്‍ ബ്രിട്ടനില്‍ ഭക്ഷ്യ ദൗര്‍ലഭ്യമടക്കമുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

നോ ഡീല്‍ ബ്രക്‌സിറ്റ് സംഭവിച്ചാല്‍ ബ്രിട്ടനില്‍ ഭക്ഷ്യ ദൗര്‍ലഭ്യമടക്കമുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ രഹസ്യറിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ സണ്‍ഡേ ടൈംസ് ദിനപത്രമാണ് പുറത്ത് വിട്ടത്. ഒക്ടോബര്‍ 31 നകം കരാറുണ്ടാക്കാനിയില്ലെങ്കിലും ബ്രക്‌സിറ്റുമായി മുന്നോട്ട് പോവുമെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കടുംപിടുത്തിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തായത്.

ഓപ്പറേഷന്‍ യെല്ലോഹാമര്‍ എന്ന രഹസ്യപേരില്‍ ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് സണ്‍ഡേ ടൈംസ് പുറത്ത് വിട്ടത്. ഉടമ്പടികളില്ലാതെ ബ്രക്‌സിറ്റ് സംഭവിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ രാജ്യത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. ഭക്ഷണം, ഔഷധങ്ങള്‍, ഇന്ധനമടക്കമുള്ള മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ദൌര്‍ലഭ്യമുണ്ടാകുന്നത് രാജ്യത്ത് വന്‍വിലകയറ്റത്തിന് കാരണമാകും.  അയര്‍ലാന്‍ഡ് അതിര്‍ത്തിയിലുണ്ടായേക്കാവുന്ന പരിശോധനകള്‍ വന്‍ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അയര്‍ലാന്‍ഡ് തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എന്നാല്‍ നോ ഡീല്‍ ബ്രക്‌സിറ്റ് സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന വ്യത്യസ്ത സാഹചര്യങ്ങളുടെ സാധ്യതകള്‍ മാത്രമാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത് എന്നതാണ് സര്‍ക്കാരിന്റെ വാദം. ഇത് മുന്‍നിര്‍ത്തി തയ്യാറെടുപ്പുകള്‍ നടത്തുമെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 31 ഓടെ കരാറില്ലെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോവുമെന്ന ഉറച്ച നിലപാടിലാണ് ബ്രിട്ടന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top