Advertisement

സിറോ മലബാര്‍ സഭയുടെ നിർണായക സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

August 19, 2019
1 minute Read

സിറോ മലബാര്‍ സഭയുടെ നിർണായക സിനഡ് സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് സിനഡിന്റെ പ്രധാന അജണ്ട. ഭൂമികച്ചവട വിവാദം, വ്യാജ രേഖാ ക്കേസ്, വൈദിക സമരം എന്നിവയടക്കമുള്ള വിവാദ വിഷയങ്ങൾ സിനഡ് ചർച്ച ചെയ്യും.

സിറോ മലബാർ സഭയുടെ സമ്പൂർണ സിനഡ് സമ്മേളനത്തിനാണ് ഇന്ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമാവുക. 12 ദിവസം നീളുന്നതാണ് സമ്മേളനം. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയ്ക്ക് പിന്നാലെ ഉയർന്ന ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് സിനഡിന് മുന്നിലുള്ള പ്രധാന ദൗത്യം. വിവാദ ഭൂമിയിടപാടിലെ അന്വേഷണ റിപ്പോർട്ടും സിനഡ് ചർച്ച ചെയ്യും. കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ നിര്‍മിച്ചുവെന്ന കേസില്‍ സഭ തന്നെ നല്‍കിയ പരാതിയില്‍ വൈദികര്‍ പ്രതികളായ വിഷയവും സിനഡിന്റെ പരിഗണനയ്ക്കെത്തും.

Read Also : സിറോ മലബാർ വ്യാജരേഖാ കേസ്; ബിഷപ്പുമാരുടെ മൊഴിയെടുത്തു

കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ പരസ്യ സമരമാണ് സഭയിലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാക്കിയത്. അതിരൂപതയുടെ ഭരണനിർവഹണത്തിനായി സ്വതന്ത്ര ചുമതലയുള്ള മെത്രാനെ നിയമിച്ചേക്കുമെന്നാണ് സൂചന. നിലവിൽ സസ്പെൻഷനിൽ കഴിയുന്ന രണ്ട് സഹായമെത്രാന്മാരുടെ പുതിയ ചുമതലകളും സിനഡ് തീരുമാനിക്കും. 57 മെത്രാന്മാരാണ് സിനഡിൽ പങ്കെടുക്കുന്നത്. അൽമായ പ്രതിനിധികളായ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ 26 – ന് സിനഡ് സമ്മേളനത്തിൽ പങ്കെടുക്കും. ഇതിനിടെ എറണാകുളം – അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികൾ സഭാ സിനഡിന് നിവേദനം നൽകി. ഭൂമിയിടപാടിലെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക. അതിരൂപതയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കുക. സഹായ മെത്രാന്മാരെ അതിരൂപതയിൽ തന്നെ പുനർ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. സമീപകാലത്ത് സഭയെ പിടിച്ചുകുലുക്കിയ ഒരുപിടി വിവാദ വിഷയങ്ങളിലാണ് സഭാ സിനഡ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top