അംഗപരിമിതരുടെ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ അനീഷ് രാജന് ആശംസകളറിയിച്ച് മുഖ്യമന്ത്രി

ഇംഗ്ലണ്ടിൽ നടന്ന അംഗപരിമിതരുടെ ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്തിയ മലയാളി താരം അനീഷ് രാജനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.

ടൂർണമെൻ്റിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ഇടം കയ്യൻ സ്പിന്നർ അനീഷ് രണ്ട് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് ആയിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടുക്കി സ്വദേശിയായ അനീഷ് രാജൻ ഫൈനലിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു.

ആദ്യമായാണ് ഭിന്നശേഷിക്കാർക്കായി ടി20 ലോക സീരീസ് സംഘടിപ്പിച്ചത്. ആതിഥേയരായ ഇംഗ്ലണ്ടിനെ ഫൈനലിൽ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. 36 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. സെമിയിൽ ചിരവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ തോൽപ്പിച്ചത്. ഫൈനലിൽ ഒരു വിക്കറ്റെടുത്ത അനീഷ് 2 റണ്ണൗട്ടുകൾക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രവീന്ദ്ര സാന്റെയും സുഗനേഷ് മഹേന്ദ്രൻ്റെയും പ്രകടന മികവിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. 34 പന്തിൽ 53 റൺസെടുത്ത സാന്റെ ഇന്ത്യയുടെ ടോപ്പ് സ്കോററായി. അവസാന ഓവറുകളിൽ തകർത്തടിച്ച സുഗനേഷ് വെറും 11 പന്തിൽ 33 റൺസുമായി ഇന്ത്യൻ ഇന്നിംഗ്സിന് മികച്ച ഫിനിഷിംഗ് നൽകി. ഓപ്പണർ കുനാൽ ഫനാസെ (36) ക്യാപ്റ്റൻ വിക്രാൻ കെനി (29) എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.

മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ അലക്സ് ബ്രൗണും (44) ജയിംസ് ഗുഡ്‌വിനും (17) ഇംഗ്ലണ്ടിനു മികച്ച തുടക്കം നൽകി. രണ്ടാം വിക്കറ്റിൽ ബ്രൗണും ഫ്ലിന്നും (28) ഇന്ത്യൻ ബോളിങ് നിരയെ അനായാസം നേരിട്ട് 66 റൺസ് കൂട്ടിച്ചേർത്തെങ്കിലും ബ്രൗണിനെ വീഴ്ത്തി സണ്ണി ഗൊയാട്ട് ഇന്ത്യയ്ക്കു ബ്രേക്ക്‌ത്രൂ നൽകി. പിന്നീട് തുടരെത്തുടരെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരം ജയിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top