അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; വൈദികനെതിരെ സിസ്റ്റർ ലൂസി പൊലീസിൽ പരാതി നൽകി

അപമാനിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പ്രചരിപ്പിച്ച വൈദികനെതിരെ സിസ്റ്റർ ലൂസി കളപ്പുര പൊലീസിൽ പരാതി നൽകി. മാനന്തവാടി അതിരൂപതയിലെ പിആർഒ ടീമിലെ അംഗമായ ഫാദർ നോബിൾ പാറക്കലിനെതിരെയാണ് സിസ്റ്റർ എസ്പിക്ക് പരാതി നൽകിയത്.

മഠത്തിൽ സിസ്റ്റർ ലൂസിയെ കാണാൻ മാധ്യമ പ്രവർത്തകർ എത്തിയ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നോബിൾ പാറക്കൽ അപവാദ പ്രചരണം നടത്തിയത്. കാണാൻ വരുന്നവരുടെ കൂട്ടത്തിൽ വനിതാ മാധ്യമപ്രവർത്തകരുടെ ഭാഗം വെട്ടിയൊഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കേസുമായി ബന്ധപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിന് സിസ്റ്റർ ലൂസിക്കെതിരെ സഭയിൽ നിന്നും പ്രതിഷേധം ശക്തമായിരുന്നു. സിസ്റ്ററെ മഠത്തിൽ നിന്നും പുറത്താക്കിക്കൊണ്ട് സഭ കത്തും നൽകിയിരുന്നു. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും താക്കീതുകൾ അവഗണിച്ചെന്നും കാണിച്ചാണ് മെയ് 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗം ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ മഠത്തിൽ തന്നെ പൂട്ടിയിട്ടെന്നാരോപിച്ച് സിസ്റ്റർ ലൂസി രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More