കവളപ്പാറയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

പ്രകൃതി ദുരന്തം നടന്ന നിലമ്പൂര്‍ കവളപ്പാറയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.അതെ സമയം വയനാട് പൂത്തുമലയില്‍ നിന്ന് ഒരു മൃതദേഹവും കണ്ടെത്തി. മുഴുവന്‍ പേരെയും കണ്ടെത്തും വരെ തിരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ വ്യക്തമാക്കി.
ഊര്‍ജിതമായ തിരച്ചിലാണ് ,പൂത്തുമലയിലും കവളപ്പാറയിലും നടക്കുന്നത്. കവളപ്പാറയില്‍ ഇനി കണ്ടെത്താനുള്ള വര്‍ക്കായി ദൗത്യസംഘം പ്രത്യേക മാപ്പ് തയ്യാറാക്കി. ആ പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് ഇനി തിരച്ചില്‍ പുരോഗമിക്കുക. ഇന്ന് കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹവും, പൂത്തുമലയില്‍ നിന്ന് ഒരു മൃതദേഹവും കണ്ടെത്തി. മുഴുവന്‍ ആളുകളെയും കണ്ടെത്തും വരെ തിരച്ചില്‍ തുടരുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ പറഞ്ഞു.
പൂത്തുമലയില്‍ ഇനി കണ്ടെത്താനുള്ളത് 4 പേരെയാണ്. കവളപ്പാറയില്‍ 11 പേരെയും. പുത്തുമലയില്‍ ദുരന്തം നടന്ന സ്ഥലത്തു നിന്ന് 1500 അടി താഴെ ഭാഗത്താണ് തിരച്ചില്‍. അതെ സമയം ഇന്ന് കവളപ്പാറയില്‍ എംഎല്‍എ പി.വി അന്‍വറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന വീട് നഷ്ട്ടമായവര്‍ക്ക് താല്‍ക്കാലികമായി ഷെഡുകള്‍ നിര്‍മ്മിച്ച് പുനരധിവസിപ്പിക്കാന്‍ തീരുമാനമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here