നേതാക്കളിലും അണികളിലും സുഖിമാൻമാർ; വിമർശനവുമായി സിപിഐഎം റിപ്പോർട്ട്

നേതാക്കളിലും അണികളിലും സുഖിമാന്മാരെന്ന് സിപിഐഎം റിപ്പോർട്ട്. സംഘടനാകാര്യങ്ങളിൽ സഖാക്കളുടെ ശ്രദ്ധ കുറയുന്നുവെന്നും രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളികൾ സഖാക്കൾ മനസിലാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സമിതിയിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
സംഘടനാ നിർദേശങ്ങൾ നടപ്പാക്കാൻ നേതൃത്വം ഇച്ഛാശക്തി കാണിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നേതാക്കളുടെ പ്രവർത്തന ശൈലി മാറ്റണം. ജനങ്ങളോട് പുച്ഛത്തിൽ സംസാരിക്കുന്നത് നിർത്തണം. ബ്രാഞ്ച് തലം മുതൽ സംസ്ഥാനതലം വരെയുള്ള നേതാക്കൾക്കാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.
തെറ്റുതിരുത്തലിന്റെ ഭാഗമായുള്ള പാർട്ടി രേഖ സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്യുകയാണ്. അടിത്തറ തകരാതിരിക്കാൻ സമഗ്രനിർദേശങ്ങളുമായുള്ള കരട് പാർട്ടി രേഖക്ക് ഇന്നലെ സിപിഐഎം സെക്രട്ടറിയേറ്റ് അംഗീകാരം നൽകിയിരുന്നു. മൂന്ന് ദിവസം ചേരുന്ന സംസ്ഥാന സമിതി രേഖ ചർച്ച ചെയ്ത് അന്തിമമായി അംഗീകരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here