‘ഞങ്ങൾ തകരുകയാണ്, രക്ഷിക്കണം’: സർക്കാരിന്റെ ശ്രദ്ധ യാചിച്ച് തുണിമില്ലുടമകളുടെ പരസ്യം

തുണി വ്യവസായം നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി പരസ്യം നൽകി വടക്കേ ഇന്ത്യയിലെ തുണി മിൽ ഉടമകൾ. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ മൂന്നാം പേജിൽ ചൊവ്വാഴ്ചയാണ് നോർത്തേണ് ഇന്ത്യ ടെക്സ്റ്റൈൽ മിൽസ് അസോസിയേഷൻ (എൻഐടിഎംഎ) പരസ്യം നൽകിയത്.
തുണി വ്യവസായ മേഖല വലിയ വെല്ലുവിളി നേരിടുകയാണ്. വൻ തൊഴിൽ നഷ്ടം സംഭവിക്കുന്നു. 2010-11 വർഷത്തെ തകർച്ചയ്ക്കു സമാനമാണ് ഇപ്പോഴുള്ള അവസ്ഥ. മില്ലുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്. പത്തു കോടിയോളം പേർ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന വ്യവസായമാണ് ഇത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ രാജ്യത്തെ കാർഷിക മേഖലക്കു സംഭവിച്ചത് ഇവിടെയും സംഭവിക്കുമെന്നും സംഘടന പരസ്യത്തിൽ മുന്നറിയിപ്പ് നൽകുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതികളും ചുങ്കവും താങ്ങാൻ കഴിയുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ തങ്ങൾ പിന്നിലാകാൻ ഇതു കാരണമാകുന്നു. പലിശനിരക്ക് വൻ ഉയരത്തിലാണ്. അസംസ്കൃത വസ്തുക്കളുടെ വില കുതിക്കുകയാണെന്നും ഇക്കാരണത്താൽ തങ്ങളുടെ വ്യവസായമേഖല നിഷ്ക്രിയ ആസ്തിയാവാതെ പോവാനും ശ്രദ്ധിക്കണമെന്നും പരസ്യത്തിൽ പറയുന്നു.
ഇന്ത്യൻ സാമ്പത്തിക രംഗം തകർച്ചയുടെ വക്കിലാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തെ മുൻനിരയിലുള്ള സമ്പദ്ഘടനകൾ അടുത്തയിടെ പുറത്തുവിട്ട കണക്കുകളും മാന്ദ്യത്തിന്റെ വക്കിലാണെന്ന സൂചനയാണ് നൽകുന്നത്. 2009-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയിലേക്ക് ആഗോള ജിഡിപി എത്തുമെന്നാണ് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട് (ഐഎംഎഫ്) ഏറ്റവുമൊടുവിൽ വിലയിരുത്തുന്നത്.
ഇന്ത്യ മാന്ദ്യത്തിലേക്കു വീഴുകയില്ലെങ്കിലും വളർച്ചാത്തോത് ഗണ്യമായി കുറയുമെന്നും മോർഗൻ സ്റ്റാൻലി പറയുന്നത്. മൂന്നു ക്വാർട്ടറുകളായി ഇന്ത്യൻ സന്പദ്ഘടനയുടെ വളർച്ചാത്തോത് കുറഞ്ഞുവരികയാണ്. 2019 ജനുവരി- മാർച്ച് ക്വാർട്ടറിലെ വളർച്ച 5.8 ശതമാനമാണ്. മാത്രവുമല്ല, ഇന്ത്യയുടെ മാനുഫാക്ചറിംഗ്, അടിസ്ഥാനസൗകര്യ മേഖലകൾ പല ക്വാർട്ടറുകളായി തളർച്ചയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here