26
Jan 2022
Wednesday

‘മാസങ്ങളോളം ഇരുട്ടറയിൽ പൂട്ടിയിട്ടു; ഇന്നും വീട്ടിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്’ : തിരുവനന്തപുരം ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്‌ മിന്നുന്ന വിജയം സ്വന്തമാക്കിയ ഹെയ്ദി സാദിയ ’24’ നോട്‌

ഹെയ്ദി സാദിയ/ ബിന്ദിയ മുഹമ്മദ്

കേരള സമൂഹം എത്രയൊക്കെ പുരോഗമനവാദം മുഴക്കിയാലും നൂറ്റാണ്ടുകൾ പഴക്കമുള്ള ജാതി-മത-ലിംഗ വ്യവസ്ഥകൾ ഇന്നും നമ്മെ വരിഞ്ഞ് മുറുക്കുക തന്നെ ചെയ്യുന്നുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ഹെയ്ദി സാദിയയുടെ ജീവിതം. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്റെ അര നൂറ്റാണ്ട് ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ്‌ജെൻഡർ-ഹെയ്ദി സാദിയ- മിന്നുന്ന വിജയത്തോടെ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്. എന്നാൽ ഈ വിദ്യാർത്ഥിക്ക് സ്വന്തം വീട്ടിൽ പ്രവേശിക്കുന്നതിന് ഇപ്പോഴും വിലക്കുണ്ട്….ഈ നേട്ടത്തിനിടയിലും സ്വന്തം വാപ്പയോടും, ഉമ്മയോടും, സഹോദരനോടും സംസാരിക്കാനാകാതെ… സ്വപ്രയത്‌നത്താൽ നേടിയെടുത്ത വിജയത്തിന്റെ സന്തേഷം പങ്കുവെക്കാനാകാതെ…വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നുമെല്ലാം അകറ്റി നിർത്തപ്പെട്ടാണ് മലപ്പുറം സ്വദേശി ഹെയ്ദി ജീവിക്കുന്നത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ വീട് വിട്ട് പുറത്ത് പോയ വ്യക്തിയാണ് ഹെയ്ദി. +2 കഴിഞ്ഞപ്പോൾ തന്നെ ഹെയ്ദി പഠനത്തിനായി മംഗലാപുരത്തേക്ക് പോയി. മംഗലാപുരം ശ്രീനിവാസ് കോളജാണ് ഹെയ്ദി പഠനത്തിനായി തെരഞ്ഞെടുത്തത്. അവിടെവെച്ചാണ് പിന്നീടങ്ങോടുള്ള ഹെയ്ദിയുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന സംഭവങ്ങൾ നടക്കുന്നത്.

ജീവിതം മാറിമറിയുന്നു

അവിടെവെച്ചാണ് തന്റെ ‘ജെൻഡർ’ ഏതെന്ന ചിന്ത ഹെയ്ദിയിൽ ഉണ്ടായത്. പുരുഷനായി പിറന്ന് സ്ത്രീയുടെ മനസ്സുമായി നടന്ന ഹെയ്ദി ഒടുവിൽ പെൺ ഉടൽ സ്വന്തമാക്കാൻ തീരുമാനിക്കുന്നതും അവിടെവെച്ചാണ്. ഇതിന് മുന്നോടിയായി അവിടുത്തെ ട്രാൻസ്‌ജെൻഡർ സമൂഹവുമായെല്ലാം ഹെയ്ദി സംസാരിക്കുമായിരുന്നു.

എന്നാൽ ഹെയ്ദിയുടെ സഹപാഠികൾക്കൊന്നും ഹെയ്ദിയുടെ മാറ്റത്തെ ഉൾക്കൊള്ളാനായില്ല. ഹെയ്ദിക്കെതിരെ നാനാഭാഗത്ത് നിന്നും എതിർപ്പുകൾ വന്നു. വ്യക്തിഹത്യകളും കളിയാക്കലുകളും നിത്യ സംഭവമായി.

ഒരിക്കൽ കോളജിലെ സീനിയർ വിദ്യാർത്ഥികൾ പൊതുയിടത്തിൽവെച്ച് ഹെയ്ദിയെ വസ്ത്രമെല്ലാം ഉരിഞ്ഞ് ‘ആണാണോ പെണ്ണാണോ’ എന്ന ചോദ്യവുമായി അപമാനിച്ചു. അങ്ങനെയാണ് ഹെയ്ദി തന്റെ വീട്ടിലേക്ക് തിരിച്ചുപോരുന്നത്.

വീട്ടിൽ കാത്തിരുന്നത്‌…

വീട്ടിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. ഹെയ്ദിയെ മാസങ്ങളോളം വീട്ടുകാർ ഇരുട്ടറയിൽ പൂട്ടിയിട്ടു. ആ കാലയളവിൽ സ്വന്തം വീട്ടിലുള്ളവരോട് പോലും സംസാരിക്കാൻ ഹെയ്ദിക്ക് അനുവദാം ഉണ്ടായിരുന്നില്ല. മുറിയിലെ ഇരുട്ട് തന്റെ മനസ്സിനെ ബാധിക്കാതിരിക്കാൻ ഹെയ്ദി ഒരുപാട് കഷ്ടപ്പെട്ടിരിക്കണം. എല്ലാം ക്ഷമിച്ചും സഹിച്ചും ഹെയ്ദി ആ ഇരുട്ട് മുറിയിൽ തള്ളി നീക്കിയത് രണ്ട് മാസങ്ങളാണ്. ഹെയ്ദിയുടെ മനസ്സ് മാറാൻ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയി, മനഃശാസ്ത്ര വിദഗ്ധനെ കാണിച്ചു.  പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് വരെ അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഹെയ്ദി പറയുന്നു. ഒടുവിൽ ഒരവസരം ഒത്ത് വന്നപ്പോൾ ഹെയ്ദി തടവറയിൽ നിന്നും രക്ഷപ്പെട്ടു. അന്ന് ര്ഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം എന്നിവരായിരുന്നു ഹെയ്ദിക്ക് അഭയം നൽകിയത്. പിന്നീട് അവർ പോലുമറിയാതെ പെൺ ഉടൽ സ്വന്തമാക്കാനുള്ള ശസ്ത്രക്രിയ്ക്കുള്ള പണം കണ്ടെത്താനായി ബംഗലൂരുവിലേക്ക്….

അവിടെ ഹെയ്ദിയെ കാത്തിരുന്നത് ഹിജഡ സമൂഹമായിരുന്നു. പെൺ ഉടൽ സ്വന്തമാക്കാനുള്ള ഹെയ്ദിയുടെ അടങ്ങാത്ത മോഹത്തിനായി അവർ പറയുന്നതെല്ലാം ഹെയ്ദി ചെയ്തു. ശസ്ത്രക്രിയയ്ക്കുള്ള പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത അവർ ഹെയ്ദിയെ ചൂഷണം ചെയ്തു. ഒടുവിൽ താൻ പറ്റിക്കപ്പെടുകയാണെന്ന് മനസ്സിലായി. പിന്നീട് അവിടെ തന്നെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്താണ് ഹെയ്ദി ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ തിരികെയെത്തിയ ഹെയ്ദിയെ രഞ്ജു രഞ്ജിമാർ സന്ദർശിച്ചു.

അമ്മയെന്നാണ് ഹെയ്ദി രഞ്ജുവിനെ വിളിക്കുന്നത്. രഞ്ജുവിനെ അമ്മയെന്ന് വിളിക്കുമ്പോൾ ഹെയ്ദിയുടെ ശബ്ദത്തിൽ സന്തോഷവും അഭിമാനവും. പിന്നീട് ഹെയ്ദിയെ പഠനത്തിനായി സഹായിക്കുന്നതെല്ലാം രഞ്ജുവാണ്.

ഇഷ്ട കരിയറിലേക്ക് ….

പിന്നിട്ട വഴികളിലെല്ലാം മുള്ളുകൾ നിറഞ്ഞിരുന്നുവെങ്കിലും, ഇനി പിന്നിടാനുള്ള വഴികളിലും അത് തന്നെ പ്രതീക്ഷിച്ച ഹെയ്ദി ഒരിക്കൽ പോലും തളരുകയോ യാത്ര മതിയാക്കുകയോ ചെയ്തില്ല, ഇന്ധിരാഗാന്ധി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്ത ഹെയ്ദി മാധ്യമപ്രവർത്തനമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടാനായി നിരവധി കേളജുകളെ സമീപിച്ചുവെങ്കിലും ‘ട്രാൻസ്‌ജെൻഡറാണ്’ എന്ന ഒറ്റക്കാരണത്താൽ ഹെയ്ദി തഴയപ്പെട്ടു.

ആ സമയത്താണ് തിരുവനന്തപുരം ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ട്രാൻസ്‌ജെൻഡറുകൾക്കായി സീറ്റ് റിസർവ് ചെയ്യുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ കഥ പറയുന്ന ‘അവളിലേക്കുള്ള ദൂരം’ എന്ന ഹ്രസ്വചിത്രം കണ്ട് പ്രചോദനമുൾകൊണ്ടാണ് ഇൻസ്റ്റിറ്റ്യൂട്ട് ഇത്തരമൊരു നടപടിക്ക് ഒരുങ്ങിയത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ എഴുത്ത് പരീക്ഷയിലും ഇന്റർവ്യൂവിലുമെല്ലാം നല്ല മാർക്ക് വാങ്ങി ഹെയ്ദി അവിടെ അഡ്മിഷൻ സ്വന്തമാക്കി. ഹെയ്ദിക്ക് അവിടെ പഠനം സൗജന്യമായിരുന്നു.

ട്രാൻസ്‌ജെൻഡറാണ് എന്ന ഒറ്റക്കാരണം കൊണ്ട് പഠനം നിഷേധിക്കപ്പെടുന്ന അവസ്ഥയിൽ നിന്നും ഒരു മാറ്റം കൊണ്ടുവരാനാണ് ഹെയ്ദിക്ക് ഇൻസ്റ്റിറ്റ്യൂട്ട് സീറ്റ് നൽകിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റിഷി കെ മനോജ് ട്വന്റിഫോറിനോട്  പറയുന്നു. ഒപ്പം മാനേജ്‌മെന്റിന്റെ പിന്തുണയോടെ പഠനം സൗജന്യമായി നൽകുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ ഹെയ്ദിക്ക് പ്രവേശനം നൽകിയ ശേഷവും ഹെയ്ദിയോട് താൻ വിശേഷങ്ങൾ ചോദിക്കുമായിരുന്നുവെന്നും എന്തെങ്കിലും തരത്തിലുള്ള വിവേചനങ്ങളോ ബുദ്ധിമുട്ടുകളോ നേരിട്ടാൽ പറയണമെന്നും ഹെയ്ദിയോട് പറഞ്ഞിരുന്നതായി റിഷി പറഞ്ഞു.

എന്നാൽ ഹെയ്ദിക്ക് ആ കലാലയ ജീവിതം സ്വർഗതുല്യമായിരുന്നു. തന്റെ സഹപാഠികളും അധ്യാപകരുമെല്ലാം ഹെയ്ദിയോട് യാതൊരുവിധ വേർതിരിവോ അവഗണനയോ കാണിച്ചിട്ടില്ല. പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് ഹെയ്ദി തമാസിച്ചിരുന്നത്. അവിടെയും ഹെയ്ദി സന്തോഷവതിയായിരുന്നു.

ഹെയ്ദി എത്തിയതിന് ശേഷം അവിടെ താമസിക്കാൻ പിന്നെയും ട്രാൻസ്‌ജെൻഡറുകൾ വന്നുവെന്നും ഹെയ്ദി പറഞ്ഞു. മറ്റ് പെൺകുട്ടികളുടേത് പോലെയാണ് ട്രാൻസ്‌ജെൻഡർ സമൂഹവും എന്ന് ഇതിലൂടെ കാണിച്ച് കൊടുക്കാനായതിന്റെ സന്തോഷം ഹെയ്ദി ട്വന്റിഫോറിനോട് പങ്കുവെച്ചു.

മികച്ച വിജയത്തോടെയാണ് ഹെയ്ദി ബിരുദാനന്തര ബിരുദം പാസ്സായത്. നിരവധി മാധ്യമങ്ങളിൽ ഹെയ്ദി ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്. തന്റെ സ്വപ്ന ജോലിക്കായുള്ള കാത്തിരിപ്പിലാണ് നിലവിൽ ഹെയ്ദി. ഹെയ്ദി ഫസ്റ്റ് ക്ലാസോടെ പാസ്സായതിൽ റിഷി കമാൽ മനോജിന് അടങ്ങാത്ത സന്തോഷം. ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടിട്ടുണ്ട്.

രഞ്ജു രഞ്ജിമ, ശീതൾ ശ്യാം, സൂര്യ എന്നിവരായിരുന്നു ഹെയ്ദിയുടെ ശക്തിക്ക് പിന്നിൽ. ഇവർ നൽകിയ പിന്തുണയും ആത്മവിശ്വാസവുമാണ് തന്നെ ഇവിടംവരെ
എത്തിച്ചതെന്ന് ഹെയ്ദി പറയുന്നു.

കുടുംബത്തിൽ നിന്നും അകന്ന് നിൽക്കേണ്ടി വരുന്നതിന്റെ വിഷമം ഹെയ്ദിക്കുണ്ടെങ്കിലും തന്നെ മനസ്സിലാക്കി അവർ തന്നെ സ്വീകരിക്കുമെന്ന ശുഭ പ്രതീക്ഷ ഹെയ്ദി ഇപ്പോഴും കൈവിട്ടിട്ടില്ല….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top