ഇന്ത്യന്‍ പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക്

വിവാദ ഇന്ത്യന്‍ പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക്. മലേഷ്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് നടപടി. ഇന്ത്യയിലെ മുസ്ലിങ്ങളെ അപേക്ഷിച്ച് നൂറു മടങ്ങ് അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നതെന്നായിരുന്നു സാക്കിര്‍ നായിക്കിന്റെ വിവാദ പ്രസ്താവന.
വിവാദ പരാമര്‍ശത്തില്‍ സാക്കിര്‍ നായിക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് മലേഷ്യന്‍ പോലീസ് പ്രഭാഷണം നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയത്. മലേഷ്യയുടെ സാമൂഹിക ഐക്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി മുഹദ്ദീന്‍ യാസിന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് ലഭിക്കുന്നതിനേക്കാള്‍ നൂറിരട്ടി അവകാശങ്ങള്‍ മലേഷ്യയില്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്നതായിരുന്നു സാക്കിര്‍ നായിക്കിന്റെ വിവാദ പരാമര്‍ശം. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് രാജ്യത്തെ പ്രധാനമന്ത്രിയേക്കാള്‍ വിശ്വാസവും കൂറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്നും സാക്കിര്‍ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ വന്‍ പ്രതിഷേധമാണ് സാക്കിര്‍ നായിക്കിനെതിരെ രാജ്യത്തുണ്ടായത്. സാക്കിറിനെ മലേഷ്യയില്‍ നിന്ന് പുറത്താക്കണമെന്ന് പലരും പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മുഹമ്മദിനോട് ആവശ്യപ്പെട്ടു.
വര്‍ഗീയ വിദ്വേഷം വളര്‍ത്താനാണ് സാക്കിര്‍ നായിക്ക് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി മഹാതിര്‍ മുഹമ്മദ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി മലേഷ്യയില്‍ താമസിക്കുന്ന സാക്കീറിനെതിരെ ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗം തുടങ്ങിയ കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here