നാളെ മുതൽ ഇൻസ്റ്റഗ്രാമിന് നിങ്ങളുടെ ഫൊട്ടോകളും, ഡിലീറ്റ് ചെയ്ത മെസ്സേജുകളും നിങ്ങളുടെ അനുവാദമില്ലാതെ എവിടെ വേണമെങ്കിലും ഉപയോഗിക്കാം ? [24 Fact Check]

ഫേസ്ബുക്ക്, വാട്ട്‌സാപ്പ് പോലെ തന്നെ ഏറെ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. നിരവധി അപ്‌ഡേറ്റുകളുടെ പേരിൽ ഇൻസ്റ്റഗ്രാം വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇന്ന് ഇൻസ്റ്റഗ്രാം വാർത്തകളിൽ നിറയുന്നത് ഇൻസ്റ്റഗ്രാമിനെ കുറിച്ച് തന്നെ പ്രചരിക്കുന്ന വ്യാജ വാർത്തയുടെ പേരിലാണ്.
ഇൻസ്റ്റഗ്രാമിന്റെ പ്രൈവസി പോളിസി മാറുന്നുവെന്നും നാളെ മുതൽ ഇൻസ്റ്റഗ്രാമിൽ നാം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ പബ്ലിക്ക് ആക്കുമെന്നും, ഡിലീറ്റ് ചെയ്ത മെസ്സേജുകൾ നമ്മുടെ സമ്മതമില്ലാതെ തന്നെ ഉപയോഗിക്കുമെന്നുമാണ് പ്രചരണം.
ഇൻസ്റ്റഗ്രാമിൽ മുമ്പ് പോസ്റ്റ് ചെയ്ത ചിത്രങ്ങൾ, വീഡിയോകൾ, ഡിലീറ്റ് ചെയ്ത മെസ്സേജുകൾ എന്നിവ ഇനി നമ്മുടെ അനുവാദമില്ലാതെ തന്നെ ഇൻസ്റ്റഗ്രാമിന് ഉപയോഗിക്കാം എന്ന സന്ദേശം ശ്രദ്ധയിൽപ്പെട്ടിരിക്കും. നിങ്ങൾക്കെതിരായ കേസുകളിൽ വരെ തെളിവായി ഇത് ഉപയോഗിക്കാമെന്നും ഇൻസ്റ്റഗ്രാമിന്റെ പ്രൈവസി പോളിസി മാറുന്നതിന്റെ ഭാഗമായാണ് ഇതെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ ഇത് വ്യാജമാണ്.
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതിങ്ങനെ-
‘മറക്കരുത്, നാളെ ഇൻസ്റ്റഗ്രാമിന്റെ പുതിയ നിയമം വരികയാണ്. ഇൻസ്റ്റഗ്രാമിന്റെ പ്രൈവസി പോളിസി മാറുന്നു. നാളെ മുതൽ ഇൻസ്റ്റഗ്രാമിന് എവിടെ വേണമെങ്കിലും നിങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കാം. മുമ്പ് പോസ്റ്റ് ചെയ്ത ചിത്രങ്ങൾ, ഡിലീറ്റ് ചെയ്ത മെസ്സേജുകൾ, തുടങ്ങി എന്തും ആപ്ലിക്കേഷന് എവിടെ വേണമെങ്കിലും ഉപയോഗിക്കാം. മുമ്പ് പോസ്റ്റ് ചെയ്തതോ ഇനി പോസ്റ്റ് ചെയ്യാൻ ഇരിക്കുന്നതോ ആയ ഒരു ചിത്രവും എന്റെ അനുമതിയില്ലാതെ ഉപയോഗിക്കാൻ ഇൻസ്റ്റഗ്രാമിന് അനുവാദം നൽകുന്നില്ല. നിങ്ങൾക്കും ഇതേ ആവശ്യമാണെങ്കിൽ ഈ പോസ്റ്റ് കോപ്പി ചെയ്ത് ടൈംലൈനിൽ പോസ്റ്റ് ചെയ്യുക’.
ബോളിവുഡ് താരങ്ങളായ കൽകി, ഹെയ്‌സൽ കീച്ച്, ലോകപ്രശസ്ഥ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജെയിംസ് കലിയർദോസ് തുടങ്ങി നിരവധി പ്രമുഖരടക്കമുള്ളവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ സന്ദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇൻസ്റ്റഗ്രാം പോളിസിയിൽ മാറ്റമൊന്നുമില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ഇൻസ്റ്റഗ്രം വക്താവ് ദി ക്വിന്റിനോട് പറഞ്ഞു. മാത്രമല്ല ഇൻസ്റ്റഗ്രാം തലവൻ ആഡം മൊസേരിയും പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
Read Also : വാട്ട്‌സാപ്പും ഇൻസ്റ്റഗ്രാമും പേര് മാറ്റുന്നു
ഇതിന്റെ മറ്റൊരു പതിപ്പ് ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്ക് പ്രൈവസി പോളിസി മാറ്റുന്നുവെന്നും നാളെ മുതൽ ചിത്രങ്ങളും മെസ്സേജുകളും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഉപയോഗിക്കാനാകുമെന്നുമാണ് പ്രചരണം.
ഇത്തരം പ്രചരണങ്ങൾ ഇതാദ്യമല്ല. ഇതിന് മുമ്പും സമാന പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. 2012, 2016 എന്നീ വർഷങ്ങളിലും ഇത്തരം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here