‘ഭീരുക്കൾ വേട്ടയാടുന്നു’; പി ചിദംബരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ അറസ്റ്റ് ഭീഷണി നേരിടുന്ന പി ചിദംബരത്തിന് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭീരുക്കാളാണ് ചിദംബരത്തെ വേട്ടയാടുന്നതെന്നും പരിണിത ഫലം എന്തായിരുന്നാലും അദ്ദേഹത്തോടൊപ്പം ഉറച്ചു നിൽക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. ട്വിറ്ററിലൂടൊണ് ചിദംബരത്തിന് പിന്തുണയറിയിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.
ആഭ്യന്തരമന്ത്രിയായും ധനമന്ത്രിയായും പതിറ്റാണ്ടുകൾ രാജ്യത്തെ വിശ്വസ്തതയോടെ സേവിച്ചയാളാണ് ചിദംബരം. ആത്മധൈര്യത്തോടെ സത്യം പറയാനും സർക്കാരിന്റെ പരാജയങ്ങൾ തുറന്നു കാണിക്കാനും അദ്ദേഹം തയ്യാറായി. എന്നാൽ സത്യം പറയുന്നത് ഭീരുക്കളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് ഒരു ലജ്ജയുമില്ലാതെ അദ്ദേഹത്തെ വേട്ടയാടുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻകൂർ ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ ഏജൻസികൾ ശക്തമാക്കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്യുന്നതിനായി മൂന്നു തവണയാണ് അന്വേഷണ സംഘം ചിദംബരത്തിന്റെ വീട്ടിൽ എത്തിയത്.
ചിദംബരത്തിന് ജൂലായ് 25 മുതൽ പലതവണയായി ഹൈക്കോടതി അറസ്റ്റിൽ നിന്ന് സംരക്ഷണം നീട്ടിനൽകിവരികയായിരുന്നു. കേസിൽ കാര്യക്ഷമമായി അന്വേഷണം നടത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ജസ്റ്റിസ് ഗൗർ വിധിയിൽ വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ മകൻ കാർത്തിയെ ഈ കേസിൽ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎൻഎക്‌സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപപ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നൽകിയത് സംബന്ധിച്ചാണ് കേസ്. ഇടപാടിലെ അഴിമതിയെക്കുറിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here