പി.ചിദംബരത്തെ ആഗസ്റ്റ് 26 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു

ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ ആഗസ്റ്റ് 26 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച അപേക്ഷയിലാണ് ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി കസ്റ്റഡി അനുവദിച്ചത്. ജാമ്യ ഹർജിയിൽ മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. ചിദംബരം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനായി ചിദംബരത്തെ 5 ദിവസം കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയാണ് സിബിഐ സമർപ്പിച്ചത്.

അന്വേഷണത്തോട് ചിദംബരം സഹകരിക്കുന്നില്ലെന്നും കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. ചിദംബരത്തിനു വേണ്ടി കപിൽ സിബലും അഭിഷേക് മനു സിംഗ്വിയുമാണ് വാദിച്ചത്. അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ വൈരമാണെന്ന് കപിൽ സിബൽ വാദിച്ചു.കേസിൽ ചിദംബരത്തിന് സംസാരിക്കാനും കോടതി അനുമതി നൽകി.

കേസ് വാദം നടക്കുന്നതിനിടെ തനിക്കും കോടതിയിൽ കാര്യങ്ങൾ പറയാനുണ്ടെന്ന് ചിദംബരം ആവശ്യപ്പെട്ടു. ഇതിനെ സോളിസിറ്റർ ജനറൽ എതിർത്തെങ്കിലും ചിദംബരത്തിന് സംസാരിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. സിബിഐയുടെ ചോദ്യങ്ങൾക്ക് താൻ മറുപടി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ പ്രസക്തമായ ഒരു ചോദ്യവും സിബിഐ ചോദിച്ചില്ലെന്നും ചിദംബരം കോടതിയിൽ പറഞ്ഞു. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും മകൻ കാർത്തി ചിദംബരവും കോടതിയിലെത്തിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More