കെവിൻ വധക്കേസിൽ വിധി ഇന്ന്

കെവിൻ വധക്കേസിൽ വിധി ഇന്ന്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. ആഗസ്റ്റ് പതിനാലിന് വിധി പറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. നടന്നത് ദുരഭിമാനക്കൊലയാണെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ദുരഭിമാനക്കൊലയല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കൊല്ലം തെൻമല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കോട്ടയം നട്ടാശേരി സ്വദേശി കെവിനെ നീനുവിന്റെ വീട്ടുകാർ 2018 മെയ് 27 ന് കൊലപ്പെടുത്തിയെന്നാണ് കേസ്. മെയ് 27ന് പുലർച്ചെ മാന്നാനത്തെ ബന്ധു വീട്ടിൽ നിന്നും നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോകുകയും പിറ്റേന്ന് രാവിലെ 11ന് പുനലൂർ ചാലിയേക്കര ആറിൽ മരിച്ച നിലയിൽ കെവിനെ കണ്ടെത്തുകയുമായിരുന്നു.
നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ സാനു ചാക്കോ എന്നിവർ ഉൾപ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. ഇതിൽ ഒമ്പത് പേർ ജയിലിലും അഞ്ച് പേർ ജാമ്യത്തിലുമാണ്. കെവിനൊപ്പം പ്രതികൾ തട്ടിക്കൊണ്ടുപോയ അനീഷാണ് മുഖ്യസാക്ഷി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം അങ്ങനെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 238 രേഖകളും 55 തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. കേസിൽ കഴിഞ്ഞ ഏപ്രിൽ 24നാണ് വിചാരണ തുടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here