തുഷാറിനെ കുടുക്കിയതാണെന്നും ഗൂഢാലോചനയുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ

ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ ചെക്ക് കേസിൽ അറസ്റ്റിലായ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് പിതാവ് വെള്ളാപ്പള്ളി നടേശൻ. തുഷാറിനെ കേസിൽ കുടുക്കിയതാണ്. മുൻ മാനേജർ ഗൂഢാലോചന നടത്തി. നിലവിൽ അജ്മാൻ സെൻട്രൽ ജയിലിൽ കഴിയുന്ന തുഷാറിന് വേഗത്തിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.10 വർഷം മുൻപ് നൽകിയ പത്ത് ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസിലാണ് അജ്മാൻ പൊലീസ് ഇന്നലെ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്.
Read Also; തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ
അജ്മാനിലെ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് അജ്മാൻ പൊലീസ് സ്റ്റേഷനിൽ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നൽകിയത്. എന്നാൽ കേസ് സംബന്ധിച്ച് തുഷാർ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. പൊലീസിൽ പരാതി നൽകിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാർ കേരളത്തിൽ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചർച്ചക്കിടയിലാണ് പരാതിക്കാർ നൽകിയ വിവരം അനുസരിച്ച് പൊലീസെത്തി തുഷാറിനെ അറസ്റ്റ് ചെയ്തത്.
Read Also; സിസ്റ്റർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ മറവിൽ കേരളത്തിൽ നിന്നും വിദേശത്തേക്ക് മനുഷ്യക്കടത്ത്
വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിൽ അജ്മാനിൽ ഉണ്ടായിരുന്ന ബോയിംഗ് കൺസ്ട്രക്ഷന്റെ സബ് കോൺട്രാക്ടറായിരുന്നു നാസിൽ അബ്ദുള്ള. കമ്പനി നഷ്ടത്തിലായതോടെ വെള്ളാപ്പള്ളി കമ്പനി കൈമാറി. നാസിൽ അബ്ദുള്ളയ്ക്ക് കുറച്ച് പണം കൈമാറാനുണ്ടായിരുന്നു. എന്നാൽ പണത്തിന് പകരം തീയതി രേഖപ്പെടുത്താത്ത ഒരു ചെക്കാണ് നൽകിയത്. ഈ ചെക്കിന്റെ പേരിലാണ് കേസും ഇപ്പോൾ അറസ്റ്റും ഉണ്ടായിരിക്കുന്നത്.