സിസ്റ്റർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ മറവിൽ കേരളത്തിൽ നിന്നും വിദേശത്തേക്ക് മനുഷ്യക്കടത്ത്

കേരളത്തിൽ നിന്ന് വിദേശത്തേക്ക് മനുഷ്യക്കടത്ത് വീണ്ടും സജീവം. സിസ്റ്റർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ മറവിലാണ് ഇറ്റലിയിലേക്ക് മനുഷ്യക്കടത്തിന് കളമൊരുങ്ങുന്നത്. കൊച്ചി വൈറ്റില കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്‌പെഷ്യൽ കെയർ ഹോളിഡേയ്‌സ് എന്ന ട്രാവൽ ഏജൻസി ഒട്ടേറെ പേരിൽ നിന്നാണ് ഇതിനായി ലക്ഷങ്ങൾ തട്ടിയത്. വിശ്വാസത്തിന്റെ മറവിലുള്ള കള്ളക്കളികൾ തെളിവുകൾ സഹിതം 24 പുറത്തുവിടുന്നു.
ഒക്ടോബർ 13 കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾ പുണ്യദിനമായി കാത്തിരിക്കുന്ന ദിനമാണ്. അന്ന് തൃശൂർ സ്വദേശിനി സിസ്റ്റർ മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. ആ ധന്യ മുഹൂർത്തതിന് സാക്ഷികളാകാൻ മലയാളികൾക്കും അവസരമുണ്ട്. ഇതിന്റെ മറവിലാണ് ഞെട്ടിപ്പിക്കുന്ന മനുഷ്യക്കടത്ത്. വൈറ്റില ഗോൾഡ് സ്യൂക്കിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ കെയർ ഹോളിഡേയ്‌സ് എന്ന ട്രാവൽ ഏജൻസിയാണ് ഈ തട്ടിപ്പിന് പിന്നിൽ.
Read Also : മുനമ്പം മനുഷ്യക്കടത്ത്; ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് ഇറക്കി
ഈ ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന വ്യാജേന ട്വന്റിഫോർ സംഘം ഇവരെ സമീപിച്ചു. ഒരാൾക്ക് 1.95 ലക്ഷമാണ് 15 ദിവസത്തെ ടൂർ പാക്കേജ്. കൂടാതെ 55,000 രൂപ വേറെ നൽകിയാൽ ഇറ്റലിയിൽ മുങ്ങാൻ കളമൊരുങ്ങും. എല്ലാം ചേർത്ത് രണ്ടര ലക്ഷം രൂപ. നൂറു കണക്കിന് മലയാളികൾ ഈ പവിത്രമായ ചടങ്ങിന്റെ മറവിൽ അനധികൃതമായി ഇറ്റലിയിലേയ്ക്ക് കടക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ ചടങ്ങിനോട് അനുബന്ധിച്ച് നടപടി ക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട് ഇറ്റാലിയൻ കോൺസുലേറ്റ്. ഇക്കാര്യവും ഏജന്റ് വെളിപ്പെടുത്തി.
മറിയം ത്രേസ്യയുടെ സന്യസ്ത സഭയിൽപ്പെട്ട ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ കന്യാസ്ത്രീകൾക്ക് വത്തിക്കാനിലേയ്ക്ക് പോകാൻ മൂന്ന് ഏജൻസിക്ക് കരാർ നൽകിയിട്ടുണ്ട്. ഇതിൽ കൊച്ചിയിൽ തന്നെ പ്രവർത്തിക്കുന്ന ടിടിസി, ഒസാക്ക എന്നീ കമ്പനികളുമായി ട്വന്റിഫോർ ബന്ധപ്പെട്ടു. നിയമങ്ങളെല്ലാം പാലിച്ചാണ് ഇവർ നടപടി ക്രമങ്ങൾ ചെയ്യുന്നത്. മൂന്നാമത്തെ ട്രാവൽ ഏജൻസിയായ ഹാപ്പി ഡെയ്‌സിന്റെ അഡ്രസ് പോലുമില്ല. പകരം അവതരിച്ചതാണ് സ്‌പെഷ്യൽ കെയർ ഹോളിഡേയ്‌സ് എന്ന ഏജൻസി.
കത്തോലിക്ക സഭയോ സന്യസ്ത സമുഹമോ വിശ്വാസികളോ അറിയാതെയാണ് ഈ കള്ളക്കളികൾ നടക്കുന്നത്. വിശ്വാസത്തിന്റെ മറവിൽ കോടികൾ തട്ടുകയാണ് ഇവരുടെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here