പൊട്ടിയ ഫോണും എട്ടു പേരും; നൈജീരിയൻ കുട്ടിക്കൂട്ടം അവതരിപ്പിക്കുന്നത് കിടിലൻ സൈഫൈ സിനിമകൾ: വീഡിയോ

വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിൻ്റെ പേരിൽ ആഗ്രഹങ്ങളും പാഷനുമൊക്കെ മാറ്റി വെക്കേണ്ടി വന്നു എന്ന് നിരാശപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളറിയേണ്ട ഒരു കഥയുണ്ട്. പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ ഗംഭീര സയൻസ് ഫിക്ഷൻ സിനിമകൾ സൃഷ്ടിക്കുന്ന ഒരു കൂട്ടം പിള്ളേരുടെ അമ്പരപ്പിക്കുന്ന കഥ.
ഇവിടെയെങ്ങുമല്ല, നൈജീരിയയിലാണ് കഥ നടക്കുന്നത്. എട്ടു പേരാണ് സംഘത്തിലുള്ളത്. ഇവർ അറിയപ്പെടുന്നത് ‘ദി ക്രിട്ടിക്സ് കമ്പനി’ എന്ന പേരിൽ. ക്രിട്ടിക്സ് കമ്പനിക്ക് സ്വന്തമായുള്ളത് ഒരു പൊട്ടിയ മൊബൈൽ ഫോണും തകർന്ന ഒരു ട്രൈപോഡും മാത്രമാണ്. ഇത്രയും സൗകര്യങ്ങൾ കൊണ്ടാണ് ഇവർ അമ്പരപ്പിക്കുന്ന സിനിമകൾ പുറത്തിറക്കുന്നത്. അതും വിഷ്വൽ എഫക്ടുകളൊക്കെ ഉൾപ്പെടുത്തിയ ഗംഭീര സിനിമകൾ.
മൊബൈൽ ഫോണിൽ ട്രൈപോഡ് ഉപയോഗിച്ചാണ് ഷൂട്ടിംഗ്. ഗ്രീൻ സ്ക്രീനിനു വേണ്ടി പശ്ചാത്തലത്തിൽ ഒരു പച്ചത്തുണി വലിച്ചു കെട്ടും. ബ്ലെൻഡെർ എന്ന ഓപ്പൺ സോഴ്സ് ആപ്പ് വഴിയാണ് എഫക്ട്സ് മിക്സിംഗ് നടത്തുക. യൂട്യൂബ് ചാനലിലൂടെ റിലീസ്.
Using just a basic green screen, a group of Nigerian student filmmakers have created slick sci-fi short films #AfricaJournal pic.twitter.com/9CJHBMOkP3
— Reuters Top News (@Reuters) August 14, 2019
2016ലാണ് ഇവർ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ‘റെഡെംഷൻ’ എന്ന 10 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിലൂടെ ലോകത്തെ ഞെട്ടിച്ച ക്രിട്ടിക്സ് കമ്പനിയെ അൽ ജസീറയും റോയിട്ടേഴ്സുമടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പുറം ലോകത്തെ അറിയിച്ചു. നൈജീരിയയിലെ ആദ്യ സൈഫൈ സിനിമയായിരുന്നു ‘റെഡംഷൻ’ എന്നു കൂടി ചേർക്കുമ്പോഴാണ് ക്രിട്ടിക്സ് കമ്പനിയുടെ സിനിമാ പിടുത്തം എത്രത്തോളം ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് മനസ്സിലാവൂ. വാർത്ത അറിഞ്ഞതോടെ സഹായ ഹസ്തങ്ങൾ നൈജീരിയയിലേക്ക് നീണ്ടു. ഇപ്പോൾ അല്പം കൂടി മികച്ച സൗകര്യങ്ങൾ അവർക്കുണ്ട്. ലാപ്ടോപ്പ് വാങ്ങി, ട്രൈപോഡും ക്യാമറയും വാങ്ങി.
റെഡംഷനൊപ്പം ‘സെഡ്: ദി ബിഗിനിംഗ്’, ‘ഡോണ്ട് സ്പോയിൽ’ തുടങ്ങി എട്ടോളം സിനിമകളും ഇവർ പുറത്തിറക്കി. ക്രിട്ടിക്സ് കമ്പനി എന്ന ചാനലിലൂടെയാണ് ഇവർ സിനിമകൾ റിലീസ് ചെയ്യുന്നത്. സിനിമകൾ കൂടാതെ മേക്കിംഗ് വീഡിയോകളും ചാനലിൽ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here