മെസിക്കും സുവാരസിനും ഡെംബലെയ്ക്കും പരിക്ക്; ബാഴ്സ ടീമിൽ പതിനാറുകാരൻ അൻസു അരങ്ങേറുന്നു

സൂപ്പർ താരം ലയണൽ മെസിയുൾപ്പെടെ മൂന്ന് സുപ്രധാന താരങ്ങൾക്ക് പരിക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ പതിനാറുകാരൻ അൻസു ഫാതി ബാഴ്സ സീനിയർ ടീമിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നു. ലാമാസിയ അക്കാദമിയിലെ ശ്രദ്ധേയ സാന്നിധ്യമായ അൻസു റയൽ ബെറ്റിസിനെതിരായ മത്സരത്തിനുള്ള ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. അവസാന ഇലവനിലെത്തിയാൽ ബാഴ്സയ്ക്ക് വേണ്ടി സീനിയർ ടീമിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന നേട്ടം അൻസുവിന് സ്വന്തമാക്കാനാവും.

Read Also:തോൽവിയോടെ തുടങ്ങി ബാഴ്സ; അദൂരിസിന്റെ അത്ഭുത ഗോളിൽ അത്ലറ്റിക് ബിൽബാവോയ്ക്ക് അട്ടിമറി ജയം

15ആം വയസ്സിൽ ബാഴ്സ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച പൗളീഞ്ഞോ അലക്കാണ്ട്രയ്ക്കാണ് നിലവിലെ റെക്കോർഡ്. 2002 ഒക്ടോബറിൽ ജനിച്ച ഫാത്തി നാളെ രാവിലെ 12.30നു നടക്കുന്ന മത്സരത്തിൽ കളിക്കുകയാണെങ്കിൽ 17ആം വയസ്സിൽ ടീമിൽ അരങ്ങേറിയ ലയണൽ മെസിയെ മറികടക്കും. അടുത്തിടെ അൻസുവുമായുള്ള കരാർ ബാഴ്സ് 2022 വരെ നീട്ടിയിരുന്നു. അൻസുവിനൊപ്പം ലാമാസിയ താരങ്ങളായ കാൾസ് പെരസ്, അബേൽ റൂയിസ് എന്നിവരും ടീമിനൊപ്പമുണ്ട്. ഇരുവരും നേരത്തെ സീനിയർ ടീമിനൊപ്പം പരിശീലനം തുടങ്ങിയിരുന്നു.

മെസിക്കൊപ്പം ലൂയിസ് സുവാരസിനും ഉസ്മാൻ ഡെംബലെയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. മൂവരും പുറത്തായതോടെ ഈ മത്സരവും ബാഴ്സയ്ക്ക് കടുപ്പമേറിയതാവും. അത്‌ലറ്റികോ ബിൽബാവോയ്ക്കെതിരെ മെസിയില്ലാതെ ഇറങ്ങിയ ആദ്യ മത്സരം ബാഴ്സ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top