അഭയ കേസിലെ സാക്ഷി സിസ്റ്റർ അനുപമ കൂറുമാറി

സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണയ്ക്കിടെ ഒരു സാക്ഷി കൂറുമാറി. അമ്പതാം സാക്ഷി സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കോൺവെന്റിലെ അടുക്കളയിൽ കണ്ടെന്നാണ് അനുപമ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ താൻ ഒന്നും കണ്ടിട്ടില്ലെന്ന് ഇന്ന് കേസ് വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ അറിയിച്ചു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 27 വർഷത്തിന് ശേഷമാണ് ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്.
എന്നാൽ കേസിൽ ഏറെ നിർണായകമായ മൊഴി നൽകിയ സാക്ഷി തന്നെ ആദ്യ ദിവസം കൂറുമാറുകയായിരുന്നു. 1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷമാണ് ഇപ്പോൾ വിചാരണ ആരംഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here