‘മോദി സ്തുതി’; ശശി തരൂരിനോട് വിശദീകരണം തേടാൻ കെപിസിസി തീരുമാനം

മോദി സ്തുതിയിൽ ശശി തരൂരിനോട് വിശദീകരണം തേടാൻ കെപിസിസി തീരുമാനം. മോദിയെ പ്രകീർത്തിച്ചുളള പ്രസ്താവന തിരുത്താൻ തയ്യാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടും നിലപാടിലുറച്ചു നിന്ന തരൂരിന്റെ നടപടിയിൽ പല നേതാക്കളും കടുത്ത അതൃപ്തിയിലാണ്. തരൂരിന്റെ മറുപടി ലഭിച്ച ശേഷം ഹൈക്കമാന്റ് നിലപാട് കൂടി കണക്കിലെടുത്താകും തുടർനടപടികൾ.

കേന്ദ്രനേതാക്കളിൽ ചിലർക്ക് പിന്നാലെ ശശി തരൂരും മോദിയെ പ്രകീർത്തിച്ച് രംഗത്തെത്തിയതിൽ സംസ്ഥാന കോൺഗ്രസ്സിലെ പല നേതാക്കളും അതൃപ്തരായിരുന്നു. തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം തളളിയ തരൂർ നേതാക്കൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും നിലപാടിലുറച്ച് നിൽക്കുകയും ചെയ്തിരുന്നു. ഇത് നേതാക്കൾക്കിടയിലെ അമർഷവും അതൃപ്തിയും രൂക്ഷമാക്കി.

Read Also : ‘മോദി സ്തുതി ഇവിടെ നടക്കില്ല’; തരൂരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

പാർട്ടിയെയും നേതാക്കളെയും കടന്നാക്രമിക്കുന്ന നിലപാട് നേരത്തെയും ശശി തരൂർ സ്വീകരിച്ചിട്ടുണ്ട്. ഇനിയും ഇത്തരം സമീപനം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന നിലപാടിലാണ് പല നേതാക്കളും. തരൂരിനെതിരെ നടപടി ആവശ്യവുമായി നേതാക്കൾ കെപിസിസിയെയും ഹൈക്കമാന്റിനെയും സമീപിച്ചു. ഈ സാഹചര്യത്തിലാണ് തരൂരിനോട് വിശദീകരണം തേടാൻ കെപിസിസി തീരുമാനിച്ചിരിക്കുന്നത്. തരൂരിന്റെ മറുപടി സംസ്ഥാനഘടകം ഹൈക്കമാന്റിന് സമർപ്പിക്കും. തരൂരിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് നേതാക്കൾ.

ശശി തരൂർ കെപിസിസിക്ക് എന്ത് വിശദീകരണം നൽകുമെന്നത് നിർണായകമാണ്. തരൂരിനെതിരെ കെപിസിസി നടപടി ആവശ്യപ്പെട്ടാൽ ഇതിനോട് കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More