‘രക്ഷാകരങ്ങൾ’; പ്രളയത്തിന്റെ അപൂർവ ചിത്രങ്ങൾ കോർത്തിണക്കി സർക്കാരിന്റെ സംഗീത ആൽബം

പ്രളയത്തിന്റെ ഭയപ്പെടുത്തുന്ന ഓർമ്മകളും അതിജീവനവും പ്രമേയമാക്കി സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലൊരുക്കിയ ‘രക്ഷാകരങ്ങൾ’ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ വർഷവും ഈ വർഷവും കേരളത്തിലുണ്ടായ പ്രളയത്തിന്റെ അപൂർവ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ആൽബമൊരുക്കിയിരിക്കുന്നത്. പ്രളയം ബാധിച്ച ജില്ലകളിലെ ദുരന്തത്തിന്റെ ദൃശ്യങ്ങളും രക്ഷാപ്രവർത്തനങ്ങളുമാണ് 5.41 മിനിറ്റ് ദൈർഘ്യമുള്ള ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ വൻ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ദൃശ്യങ്ങളും ഇതിലുണ്ട്.
സംസ്ഥാന സർക്കാരിന് വേണ്ടി എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസാണ് ‘രക്ഷാകരങ്ങൾ’ തയ്യാറാക്കിയത്. എറണാകുളം അസി.ഇൻഫർമേഷൻ ഓഫീസർ കെ.എസ് സൗമ്യയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. സംഗീതം സുദർശൻ കുമ്പളം. രാജേഷ് തനയ്, ശ്രീഷ്മ ദേവദാസൻ എന്നിവരാണ് ആലാപനം. കഴിഞ്ഞ ദിവസം എറണാകുളം പറവൂരിൽ, റീബിൽഡ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സംഗീത ആൽബത്തിന്റെ പ്രകാശനം നിർവഹിച്ചത്. ഹൈബി ഈഡൻ എം.പി, എംഎൽഎ മാരായ വി.ഡി സതീശൻ, എസ്.ശർമ, ജില്ലാ കളക്ടർ എസ്.സുഹാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here