‘ബ്രാഞ്ചുകൾ തുറന്നാൽ കൈയും കാലും വെട്ടുമെന്ന് ഭീഷണി, കേരളത്തിൽ ബിസിനസ് ഇടിഞ്ഞു’: മുത്തൂറ്റ് പ്രതിനിധി

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി മുത്തൂറ്റ് പ്രതിനിധി രംഗത്ത്. സിഐടിയു സമരം കൊണ്ടാണ് തങ്ങൾക്ക് ബ്രാഞ്ചുകൾ തുറക്കാൻ സാധിക്കാത്തതെന്ന് മുത്തൂറ്റ് പ്രതിനിധി ട്വന്റിഫോറിനോട് പറഞ്ഞു.

മുത്തൂറ്റിലെ ജീവനക്കാരെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുകയാണ്. ബ്രാഞ്ചുകൾ തുറന്നാൽ കാലും കൈയും വെട്ടുമെന്നാണ് ഭീഷണി. ബ്രാഞ്ചുകൾക്ക് മുന്നിൽ കൊടികൾ സ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഈ സമരം തുടരുകയാണ്. കേരളത്തിൽ പന്ത്രണ്ട് ശതമാനം ബിസിനസ് ഉണ്ടായിരുന്നത് 4ശതമാനമായി കുറഞ്ഞു. ഈ രീതിയിൽ മുന്നോട്ടുപോയാൽ അടച്ചു പൂട്ടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു

സമരം ഉൾപ്പെടെ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കസ്റ്റമേഴ്‌സിനെ വേണ്ട രീതിയിൽ പരിഗണിക്കാൻ സാധിക്കുന്നില്ല. സർവീസ് ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ അത് തങ്ങളുടെ സ്ഥാപനത്തെ മോശമായി ബാധിക്കും. പ്രവർത്തനം മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ പ്രതിസന്ധി നിലനിൽക്കുന്ന ബ്രാഞ്ചുകൾ പൂട്ടുക എന്നത് മാത്രമാണ് മുന്നിലുള്ള വഴിയെന്നും മുത്തൂറ്റിന്റെ പ്രതിനിധി വ്യക്തമാക്കി.

കേരളത്തിൽ മൂത്തൂറ്റിന് അറുന്നൂറോളം ബ്രാഞ്ചുകളാണ് ഉള്ളത്. ഇതിൽ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു സമരം നടത്തുന്നത്. 2016 മുതൽ വിവിധ ബ്രാഞ്ചുകളിലായി സിഐടിയു പ്രവർത്തകർ സമരം നടത്തുകയാണ്. സമരം നടക്കുന്ന ബ്രാഞ്ചുകളിൽ കഴിഞ്ഞ മൂന്നുവർഷത്തോളമായി പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയാണ്. കേരളത്തിലെ ബിസിനസിൽ വൻ ഇടിവ് വന്ന സാഹചര്യത്തിലാണ് സംസ്ഥാനം വിടാൻ മുത്തൂറ്റ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top