Advertisement

ഇത് സോനുവും നികേഷും, കേരളത്തിലെ ആദ്യ ഗേ ദമ്പതികൾ

August 28, 2019
Google News 1 minute Read

സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന  സെക്ഷൻ 377 റദ്ദാക്കിയിട്ട് ഈ സെപ്തംബർ 6ന് ഒരു വർഷം തികയുകയാണ്. ജാതിയോ, മതമോ, ലിംഗമോ വിഷയമല്ല…പ്രണയം പ്രണയം തന്നെയാണ്…ഈ ഒരു മുന്നേറ്റത്തിന് ഒരാണ്ട് തികയുമ്പോൾ സുപ്രീംകോടതിയുടെ ഈ നിർണ്ണായക വിധിയിലൂടെ ഒന്നിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സോനുവും നികേഷും. കേരളത്തിലെ ആദ്യ ഗേ ദമ്പതികൾ….

ഇത് സോനുവും നികേഷും. പ്രതിസന്ധികളിൽ തളരാതെ തങ്ങളുടെ പ്രണയത്തിനായി പോരാടി ഒടുക്കം ലക്ഷ്യത്തിലെത്തിയ ദമ്പതികൾ. കൂത്താട്ടുകുളം സ്വദേശിയായ സോനു സതർലാൻഡിലെ ജീവനക്കാരനാണ്. ഗുരുവായൂർ സ്വദേശിയായ നികേഷ് ഷെയർ മാർക്കറ്റിലാണ് ജോലി ചെയ്യുന്നത്.

തന്റെ ഐഡന്റിറ്റി പ്രകടിപ്പിക്കാനാകാതെ ജീവിച്ച സോനു വിവാഹാലോചനയുടെ സമയത്താണ് താൻ ഗേ ആണെന്ന കാര്യം വീട്ടുകാരുമായി പങ്കുവെക്കുന്നത്, അതും 29 ആം വയസ്സിൽ.

പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ.സിജെ ജോണിന്റെ സഹായത്തോടെയാണ് സോനു വീട്ടുക്കാരെ ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കിയത്. ഇതിന് ശേഷമാണ് യാഥാർത്ഥ്യം സോനുവിന്റെ കുടുംബം യാഥാർത്ഥ്യം ഉൾകൊണ്ടത്.

Read Also‘ഒരേ ലിംഗത്തിലുള്ളവർ നൃത്തം ചെയ്തത് അവർക്ക് ദഹിച്ചില്ല’; ഹോട്ടലിൽ നിന്നും പുറത്താക്കിയതായി സ്വവർഗ ദമ്പതികൾ

നികേഷിന്റെ കഥ തികച്ചും വ്യത്യസ്തമാണ്. നികേഷിന് ഒരു പ്രണയബന്ധമുണ്ടായിരുന്നു. ആ സമയത്ത് നികേഷ് താൻ സ്വവർഗാനുരാകിയാണെന്ന കാര്യം വീട്ടിൽ പറഞ്ഞിരുന്നു. ഞെട്ടലോടെയാണ് കുടുംബം ഈ വാക്കുകൾ ശ്രവിച്ചത്. എന്നാൽ നികേഷ് പ്രണയിച്ച വ്യക്തിക്ക് ഇത് അഭിമുഖീകരിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരുന്നില്ല. താൻ ഒരു സ്വവർഗാനുരാകിയാണെന്ന് ലോകം അറിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന ഭയം അദ്ദേഹത്തെ അസ്വസ്ഥനാക്കി.

ഒടുവിൽ സമൂഹത്തിന്റെ പൊതുബോധത്തിന്റെ ചട്ടക്കൂടുകളിൽ ഒതുങ്ങി അദ്ദേഹം നികേഷുമായുള്ള പ്രണയം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കടുത്ത നിരാശയിലേക്കാണ് ഇത് നികേഷിനെ തള്ളിവിട്ടത്.

ഈ ആഘാതത്തിൽ നിന്ന് കരകയറാൻ നികേഷിന് ഒരുപാട് സമയം വേണ്ടിവന്നു. പിന്നീട് സ്വവർഗാനുരാകികൾക്കായുള്ള ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് സോനു നികേഷിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. രണ്ട് മാസത്തോളം പരസ്പരം സംസാരിച്ച് ഇരുവരുടേയും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമെല്ലാം മനസ്സിലാക്കി. ഇതിന് ശേഷമാണ് ഇരുവരും ഇക്കാര്യം വീട്ടിൽ അവതരിപ്പിക്കുന്നത്.

സോനുവിനെ നികേഷിന്റെ വീട്ടുകാരും നികേഷിനെ സോനുവിന്റെ വീട്ടുകാരും അംഗീകരിച്ചുവെങ്കിലും വിവാഹക്കാര്യം വീട്ടിൽ അവതരിപ്പിച്ചിരുന്നില്ല. ഇത് ഉൾക്കൊള്ളുമോ എന്ന ഭയം ഇരുവർക്കുമുണ്ടായിരുന്നു. ഒടുവിൽ ഇരുവരും രഹസ്യമായി വിവാഹിതരാകാൻ തീരുമാനിക്കുക തന്നെ ചെയ്തു.

അങ്ങനെ കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി സോനുവും നികേഷും. ജൂലൈ 5,2018 നാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഭരണഘടനയുടെ 377 ആം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്.

ഈ സമൂഹം തങ്ങൾക്ക് നിഷേധിച്ച അവകാശങ്ങൾക്കായി പോരാടാൻ തന്നെയാണ് തീരുമാനം. മതത്തിന്റെയും ജാതിയുടേയും പേരിൽ ദുരഭിമാനക്കൊലകളും കണ്ണീരും തുടർക്കഥയാകുമ്പോഴാണ് നികേഷും സോനുവും ഈ ധീരമായ ചുവട് വെക്കുന്നത്. സമൂഹത്തെ ഭയന്ന് തങ്ങളുടെ വ്യക്തിത്വം മറച്ചുപിടിച്ച് വീർപ്പുമുട്ടി ജീവിക്കുന്നവരോട് നികേഷിനും സോനുവിനും പറയാനുള്ളതും ഇത് തന്നെയാണ്…വ്യക്തിത്വം എന്നത് മൂടിവെക്കപ്പെടേണ്ട ഒന്നല്ല…സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമല്ല..തികച്ചും സ്വാഭാവികമായ ഒന്ന് തന്നെയാണ്‌..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here