‘ഒരേ ലിംഗത്തിലുള്ളവർ നൃത്തം ചെയ്തത് അവർക്ക് ദഹിച്ചില്ല’; ഹോട്ടലിൽ നിന്നും പുറത്താക്കിയതായി സ്വവർഗ ദമ്പതികൾ

സ്വവർഗ ദമ്പതികളെ ചെന്നൈയിലെ ഹോട്ടലിൽ നിന്നും പുറത്താക്കിയതായി പരാതി. അതിഥികൾക്ക് അരോചകമാം വിധം പെരുമാറിയെന്ന കാരണം പറഞ്ഞ് രസികാ ഗോപാലകൃഷ്ണൻ, ശിവാങ്കി സിങ് എന്നീ യുവതികളെയാണ് ഹോട്ടലിൽ നിന്നും പുറത്താക്കിയത്. ചെന്നൈയിലെ ദി സ്ലേറ്റ് ഹോട്ടലിലാണ് സംഭവം. ജൂലൈ 28നാണ് സംഭവം. ഇതേപ്പറ്റി രസിക സാമൂഹ്യ മാധ്യമത്തിൽ കുറിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ശനിയാഴ്ച രാത്രിയാണ് താനും കൂട്ടുകാരിയും ദി സ്ലേറ്റ് ഹോട്ടലിലെത്തിയതെന്ന് രസിക കുറിച്ചു. തങ്ങൾ നൃത്തം ചെയ്യുന്നതിനിടയിൽ നാലഞ്ച് പുരുഷന്മാർ തങ്ങളെ നോക്കുന്നുണ്ടായിരുന്നു. ബാക്കിയെല്ലാവരും തങ്ങളെപ്പോലെ ആസ്വദിച്ച് നൃത്തം ചെയ്യുമ്പോൾ എന്തുകൊണ്ടാണ് അവർ തങ്ങളിൽ അനാവശ്യമായി ശ്രദ്ധചെലുത്തിയതെന്ന് അറിയില്ല. ഒരേ ലിംഗത്തിലുള്ളവർ നൃത്തം ചെയ്യുന്നത് ഇവർക്ക് ദഹിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും രസിക തന്റെ പോസ്റ്റിൽ കുറിച്ചു.
തുടർന്ന് തങ്ങൾ വാഷ്‌റൂമിൽ പോയി. അൽപ സമയത്തിന് ശേഷം വാഷ്‌റൂമിന്റെ വാതിലിൽ ആരോ മുട്ടുന്നതു കേട്ട് തുറന്നപ്പോൾ നാല് പുരുഷ ജീവനക്കാരും ഒരു സ്ത്രീയും പുറത്തു നിൽക്കുന്നത് കണ്ടു. തങ്ങൾ വാഷ്‌റൂമിൽ മറ്റെന്തോ ചെയ്യുകയായിരുന്നെന്നും അതിഥികളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. എത്രയും വേഗം ഹോട്ടലിൽ നിന്നും പോകണമെന്നാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ താനും സുഹൃത്തും മറ്റുള്ളവർക്ക് യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ലെന്നും രസിക വ്യക്തമാക്കുന്നു.
അതിഥികൾക്ക് അരോചകമാകും വിധം സ്റ്റേജിൽ കയിറിനിന്ന് ചുംബിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്‌തെന്നാണ് മാനേജർ പറഞ്ഞതെന്ന് ശിവാങ്കി സമൂഹമാധ്യമത്തിൽ കുറിച്ചു. അതിന്റെ വീഡിയോ കൈവശമുണ്ടെന്നും മാനേജർ പറഞ്ഞു. വീഡിയോ കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മാനേജർ അതിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്നും യുവതികൾ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here