സഭാതര്‍ക്കം; സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഓര്‍ത്തഡോക്‌സ് സഭ സുപ്രീംകോടതിയില്‍

സഭാതര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യഹര്‍ജിയുമായി ഓര്‍ത്തഡോക്‌സ് സഭ സുപ്രീംകോടതിയില്‍. കേരള പൊലീസിന്റെ സഹകരണത്തോടെ പള്ളികളില്‍ സമാന്തര ഭരണം നടക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ ആരോപിച്ചു. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് തന്നെ കോടതി ഉത്തരവിന് വിരുദ്ധമാണ്. വിധി നടപ്പാക്കാന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. വിധി നടപ്പാക്കാതെ അനുരഞ്ജനത്തിനായി സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇതിനായി മന്ത്രിസഭാ ഉപസമിതിരൂപീകരിച്ചു. ഈ നടപടി തന്നെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് എന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പരാതി.
2018ലും കഴിഞ്ഞ മേയ് മാസത്തിലും പാത്രിയര്‍ക്കീസ് ബാവ മാര്‍ അപ്രേം ദ്വിതീയന്‍ കേരളത്തില്‍ എത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായിരുന്നു. സിനഡ് വിളിച്ചു പള്ളി ഭരണം സംബന്ധിച്ചു ചര്‍ച്ച നടത്തി. സമാന്തര ഭരണം ഉറപ്പാക്കാനാണ് യാക്കോബായ സഭയുടെ ശ്രമമെന്നും ഓര്‍ത്തഡോക്‌സ് സഭ ഹര്‍ജിയില്‍ ആരോപിച്ചു. കേരളത്തിലെ ഒന്‍പത് പള്ളികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും അറിയിച്ചു. വിധി നടപ്പാക്കാത്തതിനെ രൂക്ഷമായ ഭാഷയില്‍ സുപ്രീംകോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here