വൈദ്യുതി ബോര്‍ഡിന്റെ അഞ്ചു ലക്ഷം പോസ്റ്റുകള്‍ റിലയന്‍സിനു വാടകയ്ക്ക് നല്‍കാന്‍ കെഎസ്ഇബിയുടെ നീക്കം

വൈദ്യുതി ബോര്‍ഡിന്റെ അഞ്ചു ലക്ഷം പോസ്റ്റുകള്‍ റിലയന്‍സിനു വാടകയ്ക്ക് നല്‍കാന്‍ കെഎസ്ഇബിയുടെ നീക്കം. നിലവിലുള്ള കേബിള്‍ ഓപ്പറേറ്റര്‍മാരെ പോസ്റ്റുകളില്‍ നിന്നും ഒഴിവാക്കിയാണിത്. ഇതിനായി പോസ്റ്റുകളുടെ വിശദവിവരങ്ങള്‍ നല്‍കാന്‍ വിതരണവിഭാഗം ഡയറക്ടര്‍ ഫീല്‍ഡ് ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി.

റിലയന്‍സ് ജിയോയുടെ ഫൈബര്‍ ടു ഹോം പദ്ധതിക്കു വേണ്ടിയാണ് വൈദ്യുതി ബോര്‍ഡിന്റെ 5 ലക്ഷം പോസ്റ്റുകള്‍ വാടകയ്ക്ക് നല്‍കാന്‍ നീക്കം നടക്കുന്നത്. ആദ്യഘട്ടമായി ഒരു ലക്ഷം ഇലക്ട്രിക് പോസ്റ്റുകളിലൂടെ കേബിള്‍ വലിക്കാന്‍ ജിയോ വൈദ്യുതി ബോര്‍ഡിനു കത്തു നല്‍കിയത്. നിലവില്‍ കെഎസ്ഇബിയുടെ പോസ്റ്റ് ചെറുകിട കേബിള്‍ ഓപ്പറേറ്റേര്‍മാര്‍ക്കുള്‍പ്പെടെ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവരെ ഒഴിവാക്കിയാണ് റിലയന്‍സിനു പോസ്റ്റുകള്‍ വാടകയ്ക്ക് നല്‍കാന്‍ നീക്കം നടക്കുന്നത്. ഇതിനായി പോസ്റ്റുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് 2019 ജൂലൈ 29നു വിതരണ വിഭാഗം ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ കെഫോണ്‍ പദ്ധതി വരുന്നതോടെ നിലവില്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ വലിച്ചിട്ടുള്ള എല്ലാ കേബിള്‍ നെറ്റ് വര്‍ക്കുകളും അതിലേക്ക് മാറും. അതുകൊണ്ടുതന്നെ കേബിള്‍ ഓപ്പറേറ്റര്‍മാരുമായുള്ള കരാര്‍ കാലാവധി കഴിയുന്ന മുറയ്ക്ക് കരാര്‍ പുതുക്കില്ലെന്നും ബോര്‍ഡ് ഉത്തരവിറക്കിയിട്ടുണ്ട്. ഇങ്ങനെ കേബിള്‍ ഓപ്പറേറ്റര്‍മാരെ ഒഴിവാക്കി റിലയന്‍സുമായി പോസ്റ്റിലൂടെ കേബിള്‍ വലിക്കാന്‍ പുതിയ കരാര്‍ ഒപ്പിടുന്നതിനു നീക്കം നടക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top