ധോണിയെ തഴഞ്ഞു; ബുംറയ്ക്ക് വിശ്രമം: ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമിനെ പ്രഖ്യാപിച്ചു

എംഎസ് ധോണിയുടെ ദേശീയ കരിയർ അവസാനിക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത മാസം നടക്കുന്ന ടി-20 പരമ്പരയ്ക്കുള്ള ടീമിൽ ധോണിയെ പരിഗണിക്കാതിരുന്നതാണ് ഈ റിപ്പോർട്ടുകൾക്ക് വീണ്ടും ശക്തി പകർന്നത്. വെസ്റ്റിൻഡീസിൽ ട്വന്റി20 പരമ്പര കളിച്ച ഇന്ത്യൻ ടീമിൽ നിന്ന് ഒരു മാറ്റം മാത്രമാണ് സെലക്ടർമാർ വരുത്തിയത്. ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിച്ചപ്പോൾ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തി.
സ്പിന്നർമാരായ യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവർക്ക് ഇക്കുറിയും ടീമിൽ ഇടമില്ല. വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹാർ എന്നിവരാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ. സ്പിന്‍ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, കൃണാൽ പാണ്ഡ്യ എന്നിവരും ടീമിലുണ്ട്. അതേസമയം, ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. വർക്ക് ലോഡ് പരിഗണിച്ചാണ് ബുംറയ്ക്ക് സെലക്ടർമാർ വിശ്രമം അനുവദിച്ചത്.
മൂന്നു മൽസരങ്ങളടങ്ങിയ ട്വന്റി20 പരമ്പര സെപ്റ്റംബർ 15ന് ധരംശാലയിലാണ് തുടങ്ങുന്നത്. സെപ്റ്റംബർ 18ന് മൊഹാലിയിലും 22ന് ബെംഗളൂരുവിലുമാണ് മറ്റു മൽസരങ്ങൾ. ലോകകപ്പ് ട്വന്റി20 മുൻനിർത്തി ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് സെലക്ടർമാർ.
അതേ സമയം, രണ്ടു മാസത്തേക്ക് തന്നെ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയാണ് ധോണി സൈനിക സേവനത്തിനു പോയത്. വിൻഡീസ് പര്യടനത്തിൽ നിന്നു സ്വയം വിട്ടു നിന്ന ധോണി അറിയിച്ച രണ്ടു മാസം സെപ്തംബർ 21നാണ് പൂർത്തിയാകുന്നത്. അതുകൊണ്ടാണോ ധോണിയെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനു വ്യക്തതയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here