നാല് ദിവസം നീണ്ട വയനാട് സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി

നാല് ദിവസം നീണ്ടുനിന്ന വയനാട് മണ്ഡലത്തിലെ പ്രളയബാധിതമേഖലകളിലൂടെയുളള രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം പൂര്‍ത്തിയായി. വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിലൂടെ പര്യടനം നടത്തിയ രാഹുല്‍ ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. അടുത്ത മാസം പതിനഞ്ചിന് മുന്‍പായി രാഹുല്‍ ഒരിക്കല്‍ കൂടി മണ്ഡലത്തിലെത്തിയേക്കും.

മലപ്പുറം ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസത്തില്‍ വഴിക്കടവ് മേഖലയിലായിരുന്നു രാഹുലിന്റെ ആദ്യ സന്ദര്‍ശനം. വഴിക്കടവ് ആനമറിയില്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ മൈമൂന സാജിദ എന്നിവരുടെ കുടുംബത്തേയാണ് രാഹുല്‍ ആദ്യം സന്ദര്‍ശിച്ചത്. കവളപ്പാറ ദുരന്തത്തിലകപ്പെട്ട് അമ്മയും മൂന്ന് സാഹോദരങ്ങളും മുത്തശ്ശനുമടകം അഞ്ച് പേര്‍ നഷ്ടമായ സഹോദരികളായ കാവ്യയും കര്‍ത്തികയും രാഹുലിനെ കാണാന്‍ എത്തിയിരുന്നു. ഇവരെ ചേര്‍ത്ത് പിടിച്ച രാഹുല്‍ ഇരുവര്‍ക്കും എല്ലാവിധ സഹായങ്ങളും ഉറപ്പ് നല്‍കി. രാഹുലിനെ കാണുന്നതിനായി നിരവധി പേരാണ് വഴിക്കടവില്‍ എത്തിയത്. പൊലീസ് ഒരുക്കിയ ബാരിക്കേഡുകള്‍ മറികടന്ന് രാഹുല്‍ ജനങ്ങളിലേക്കിറങ്ങി.

പ്രളയത്തില്‍ തകര്‍ന്ന് പോയ നിലമ്പൂരിലെ പാതാര്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാവോയിസ്റ്റ് ഭീഷണി തുടര്‍ന്ന് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. പ്രളയത്തില്‍ ഒലിച്ചുപോയ ചുങ്കത്തറ കൈപിനി പാലവും രാഹുല്‍ സന്ദര്‍ശിച്ചു. നാല് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കിയ രാഹുല്‍ ഗാന്ധി ഇന്ന് രണ്ട് മണിയോടെ ഡല്‍ഹിയിലേക്ക് മടങ്ങും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top