‘തന്നെ ആക്രമിച്ചത് ആസൂത്രിതമായി’; ശിവരഞ്ജിത്തിനും നസീമിനുമെതിരെ കുത്തേറ്റ അഖിൽ

എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തിനും നസീമിനുമെതിരെ യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ അഖിൽ. തന്നെ ആക്രമിച്ചത് ആസൂത്രിതമായാണെന്ന് അഖിൽ പ്രതികരിച്ചു. കേസ് അന്വേഷത്തിൽ തൃപ്തിയുണ്ട്. കേസുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അഖിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കുത്തേറ്റ് ചികിത്സയിൽ ആയിരുന്ന അഖിലിന്റെ ആദ്യ പ്രതികരണമാണിത്.
എസ്എഫ്‌ഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഖിൽ ഉന്നയിച്ചത്. എസ്എഫ്‌ഐയുടെ ആധിപത്യമാണ് യൂണിവേഴ്‌സിറ്റി കോളേജിൽ അരങ്ങേറിയിരുന്നതെന്ന് അഖിൽ പറഞ്ഞു. മുൻപത്തെ അപേക്ഷിച്ച് മാറ്റങ്ങൾ സംഭവിച്ചു. പ്രദേശികമായി എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും അംഗങ്ങളായിട്ടുള്ളവർക്ക് യൂണിറ്റിൽ പ്രവർത്തിക്കാൻ അവസരം നൽകിയിരുന്നില്ല. എസ്എഫ്‌ഐ എന്താണെന്ന് പോലും അറിയാത്തവർ കോളേജ് യൂണിറ്റിൽ ഉൾപ്പെടുന്നുണ്ട്. ഇവിടെ എന്താണ് നടക്കുന്നതെന്ന് പാർട്ടിക്ക് അറിയില്ല. പെൺകുട്ടിയെന്നോ ആൺകുട്ടിയോ എന്ന് നോക്കാതെ എല്ലാവർക്കും പണികൊടുക്കുമെന്നും അഖിൽ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here