കൂടംകുളത്തു നിന്ന് കേരളത്തിലേക്ക് വൈദ്യുതി; ഇടമണ്‍-കൊച്ചി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു

കൂടംകുളത്തു നിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇടമണ്‍-കൊച്ചി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു. ലൈന്‍ നിര്‍മ്മാണത്തിനു തടസമായി നിന്ന പ്രമുഖ രത്നവ്യാപാരിയും പവര്‍ഗ്രിഡ് കോര്‍പ്പറേഷനും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് 13 വര്‍ഷമായി മുടങ്ങിക്കിടന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. ഇതോടെ കൂടംകുളത്തു നിന്നും പ്രസരണ നഷ്ടം കുറച്ച് വൈദ്യുതി കേരളത്തിലെത്തിക്കാന്‍ കഴിയും. ട്വന്റി ഫോറിന്റെ വാര്‍ത്തയെ തുടര്‍ന്നാണ് തര്‍ക്ക പരിഹാര ശ്രമങ്ങള്‍ നടന്നത്.
കൂടംകുളം ആണവ നിലയത്തില്‍ നിന്നും കേരളത്തിനു വൈദ്യുതി എത്തിക്കുന്നതിനായി ആസൂത്രണം ചെയ്ത പ്രസരണ ശൃംഖലയാണ് കൊച്ചി-ഇടമണ്‍ ലൈന്‍. തമിഴ്‌നാട്ടിലെ തിരുനല്‍വേലി മുതല്‍ കൊച്ചി, മാടക്കത്തറ, മൈസൂര്‍ എന്നീ സ്ഥലങ്ങളിലൂടെയാണ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ 400 കെവി ലൈന്‍ നിര്‍മ്മിക്കുന്നത്. സ്ഥലം ഉടമകളുടെ എതിര്‍പ്പുമൂലം ഇതു 13 വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. 148 കിലോമീറ്റര്‍ ദൈര്‍ഘ്യവും 447 ടവറുകളുമുള്ള ഈ പദ്ധതിയുടെ 99.5 ശതമാനം ജോലികളും 2019 മാര്‍ച്ച് 30നു പൂര്‍ത്തീകരിച്ചു. 644 മീറ്റര്‍ മാത്രമാണ് ലൈന്‍ പൂര്‍ത്തിയാകാനുള്ളത്.
എന്നാല്‍ എറണാകുളം ജില്ലയിലെ പള്ളിക്കരക്ക് സമീപം കാണിനാട്ടില്‍ ടവര്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചപ്പോള്‍ പ്രമുഖ രത്നവ്യാപാരിയായ സ്ഥലമുടമ എതിര്‍പ്പുമായി രംഗത്തെത്തി. തന്റെ പുരയടിത്തില്‍ കൂടി ലൈന്‍ വലിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹം കോടതിയെ സമീപിച്ചതോടെ കൊച്ചി-ഇടമണ്‍ ലൈന്‍ പൂര്‍ണമായും സ്തംഭിച്ചു.
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന ലൈനിന്റെ ദുരവസ്ഥ ട്വന്റിഫോറാണ്
പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് രത്നവ്യാപാരി കോടതിക്ക് പുറത്ത് തര്‍ക്കം പരിഹരിക്കാനായി പവര്‍ഗ്രിഡ് കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് സംസ്ഥാന ഊര്‍ജ്ജസെക്രട്ടറിയുടെ സാന്നിധ്യത്തിലും ചര്‍ച്ച നടന്നു. ഒരു ടവര്‍ നിലവിലുള്ള അലൈന്‍മെന്റില്‍ നിന്നും ഒരു മീറ്റര്‍ മാറി നിര്‍മ്മിക്കാമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ സമ്മതിച്ചതോടെ തര്‍ക്കം തീരുകയായിരുന്നു. ഇക്കാര്യം കോടതിയില്‍ അറിയിക്കാനും തീരുമാനിച്ചു. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പദ്ധതി വൈകുന്നതിനെതിരെ രംഗത്തു വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here