ബാങ്ക് ലയനം; നിങ്ങളുടെ അക്കൗണ്ടിന് എന്ത് സംഭവിക്കും?

സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപഭോക്താക്കൾ ആശങ്കയിലാണ്. ലയനം പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടില്ല. നിക്ഷേപം സംബന്ധിച്ചും, അക്കൗണ്ടിന്റെ കാര്യത്തിലും എന്തിന് എടിഎം കാർഡിന്റെ കാര്യത്തിൽ പോലും ഉപഭോക്താവിന് കൃത്യമായ വിവരമില്ല. വർഷങ്ങൾക്ക് മുൻപ് എസ്ബിഐ-എസ്ബിടി ലയനം സംബന്ധിച്ച് ജനങ്ങൾക്ക് ഉണ്ടായിരുന്ന അതേ ആശങ്കകൾ തന്നെയാണ് ഇവിടെയും നിഴലിക്കുന്നത്. ബാങ്കുകൾ ലയിക്കുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ കാര്യങ്ങളാണ് ചുവടെ നൽകുന്നത്.
ലയിക്കുന്ന ബാങ്കുകൾ, വരുന്ന മാറ്റങ്ങൾ
പത്ത് ബാങ്കുകൾ ലയിച്ച് നാല് വലിയ ബാങ്കുകളാണ് രൂപംകൊള്ളുക. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ശൃംഖലയാക്കും. 17.95 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കനറാ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ഒന്നായി രാജ്യത്തെ നാലാമത്തെ വലിയ ബാങ്കിംഗ് ശൃംഖലയാകും. ബിസിനസ് 15.20 ലക്ഷം കോടി രൂപയുടേത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവയാണ് ലയിക്കുന്ന മറ്റ് ബാങ്കുകൾ. മൂന്ന് ബാങ്കുകൾ ലയിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കിംഗ് ശൃംഖലയാകും. പ്രതീക്ഷിക്കുന്നത് 14.6 ലക്ഷം കോടിയുടെ ബിസിനസ്. ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ചേർന്ന് ഏഴാമത്തെ വലിയ ബാങ്കിംഗ് ശൃംഖലയാകും. 8.08 ലക്ഷം കോടി രൂപയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ലയനത്തിൽ എന്തെല്ലാം?
പൊതുമേഖലാ ബാങ്കുകളുടെ ലയനത്തോടെ ഉപയോക്താക്കൾക്ക് പുതിയ ചെക്ക് ബുക്ക്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ എന്നിവ അനുവദിക്കും. അക്കൗണ്ട് നമ്പറുകൾ ഒന്നുതന്നെയായിരിക്കുമെങ്കിലും ഐഎഫ്എസ്‌സി കോഡിൽ മാറ്റം വരുത്തും. ഇതോടെ ആദായനികുതി വകുപ്പ്, ഇൻഷുറൻസ് സേവന ദാതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട് ഐഎഫ്എസ്‌സി വിവരങ്ങൾ ബോധിപ്പിക്കണം. നിക്ഷേപ പദ്ധതികൾക്കും ഇഎംഐകൾക്കും പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.
ലയനം ബാധകമാകുന്ന ഒന്നോ അതിലധികമോ ബാങ്കുകളിൽ അക്കൗണ്ടുള്ളവർ പേടിക്കേണ്ട ആവശ്യമില്ല. ലയന പ്രക്രിയ പൂർത്തിയാകുന്ന പക്ഷം പുതിയ ബാങ്കിലെ അക്കൗണ്ട് ഉടമയായി തുടരും. എന്നാൽ ഉപഭോക്താക്കളൾ ചിലമാറ്റങ്ങൾക്ക് വിധേയരാകേണ്ടി വന്നേക്കും.
Read more: സാമ്പത്തിക സർവേയും ബജറ്റും തമ്മിൽ താരതമ്യം വേണ്ടെന്ന് നിർമലാ സീതാരാമൻ
ബിൽ അടക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്ക് പുതിയ നിർദേശങ്ങൾ ലയനത്തോടെ പ്രഖ്യാപിച്ചേക്കും. ഉപയോക്താക്കൾക്ക് ബാങ്ക് ബ്രാഞ്ചുകൾ കൂടുതൽ അടുത്തേക്ക് മാറുമെന്നുള്ളതാണ് മറ്റൊരു കാര്യം. ബാങ്ക് സ്റ്റേഷനറിയിൽ മാറ്റം വരും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്കിൽ മാറ്റം വന്നേക്കാം.
സ്ഥിര നിക്ഷേപത്തിന്റെ നിരക്കുകളിൽ തൽക്കാലത്തേക്ക് മാറ്റം വരില്ല. സ്ഥിരനിക്ഷേപമുള്ളവർക്ക് കാലാവധി കഴിയുന്നത് വരെ അതേ പലിശ നിരക്ക് മാത്രമായിരിക്കും ലഭിക്കുക. ലയിക്കുന്ന ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് കുടുതലോ കുറവോ ആയാലും ഇതിൽ മാറ്റം വരില്ല. ലോൺ നിരക്കുകളും മാറ്റമില്ലാതെ തുടരും. എംസിഎൽആർ അധിഷ്ടിത വായ്പകളിൽ പലിശ നിരക്കിൽ മാറ്റം വന്നേക്കാം.
ലയനം നടക്കുന്ന ബാങ്കുകളിൽ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരി ഉടമകൾക്ക് കേന്ദ്രസർക്കാർ തീരുമാനം നടത്ത തിരിച്ചടിയാകുമെന്നാണ് സൂചന. ഷെയർഹോൾഡേഴ്‌സിനുള്ള പ്രത്യേക മാർഗ നിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചേക്കും.
ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത്
ബാങ്ക് ലയനത്തിന് ശേഷമുള്ള വിവിധ ബാങ്കുകളുടെ അറിയിപ്പുകളൊന്നും നഷ്ടപ്പെടാതിരിക്കാൻ നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ബാങ്കിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ ഈ അക്കൗണ്ടിൽ നിന്ന് സിപ് നിക്ഷേപവും വായ്പാ ഇഎംഐകളും ഡെബിറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിൽ പുതിയ മാൻഡേറ്റ് ഫോമുകൾ സമർപ്പിക്കേണ്ടി വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here