ലോകകപ്പ് തോൽവിയിലെ നിരാശ; ന്യൂസിലൻഡ് ആരാധകൻ കട്ടിലിൽ നിന്നെഴുന്നേറ്റത് 46 ദിവസങ്ങൾക്കു ശേഷം

കഴിഞ്ഞ മാസം നടന്ന ഏകദിന ലോകകപ്പ് ഫൈനൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഗപ്റ്റിലിൻ്റെ ഓവർത്രോയ്ക്ക് അമ്പയർ കുമാർ ധർമസേന നൽകിയ എക്സ്ട്രാ റണ്ണുകളും ബൗണ്ടറികളുടെ എണ്ണം പരിഗണിച്ച് ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചതുമൊക്കെ വിവാദങ്ങൾക്ക് കാരണമായി. ഇപ്പോഴിതാ തോൽവിയുടെ ആഘാതത്തിൽ തളർന്നു വീണതിനു 46 ദിവസങ്ങൾക്കു ശേഷം കട്ടിലിൽ നിന്ന് എഴുന്നേറ്റിരിക്കുകയാണ്‌ ഒരു ന്യൂസിലൻഡ് ആരാധകന്‍.

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന്റെ ആഘാതമാണ് ന്യൂസിലാന്‍ഡ് ആരാധകനായ ജെഫറി ട്വിഗിനെ തളര്‍ത്തിയത്. ഈ കഴിഞ്ഞ വ്യാഴാഴ്ച മുപ്പത്തിയൊന്നുകാരനായ ജെഫറി ട്വിഗ് കിടക്ക വിട്ട് എഴുന്നേറ്റു. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് 46 ദിവസങ്ങൾക്ക് ശേഷമാണ് ഇദ്ദേഹം എഴുന്നേറ്റതെന്നാണ് റിപ്പോർട്ട്.

രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് 380 മില്ലിഗ്രാം ആയതോടെ വീണതാണ് ജെഫറി. ജൂലൈ 15ന് വൈകുന്നേരമായിട്ടും ജെഫറി ഉണരാതിരുന്നതോടെ ഭാര്യ വന്ന് വിളിച്ചു. എഴുന്നേല്‍ക്കാതിരുന്നെങ്കിലും തങ്ങളത് കാര്യമാക്കിയില്ലെന്ന് ഭാര്യ ലൂയിസ പറയുന്നു. അഞ്ച് ദിവസം ഈ കിടപ്പ് കിടന്നതിന് ശേഷം മാത്രമാണ് പ്രശ്‌നം സങ്കീര്‍ണമാണെന്ന് മനസിലാക്കിയത്.

ട്യൂബിലൂടെയായിരുന്നു പിന്നീട് ജഫറിയെ ഭക്ഷണം നല്‍കിയത്. സഹായം തേടി ഇവര്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനേയും സമീപിച്ചു. കീവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ജെഫറിയെ കാണാനെത്തി. എന്നാല്‍ ഗപ്റ്റിലിനെ കണ്ടതോടെ രോഷാകുലനായ ജെഫറി ഇറങ്ങി പോവാന്‍ അദ്ദേഹത്തോട് ആക്രോശിച്ചു. ജെഫറിയെ നിരാശയില്‍ നിന്ന് മടക്കിക്കൊണ്ടു വരുന്നതിനായി വീട്ടിലെ ക്രിക്കറ്റുമായി ബന്ധപ്പെട്ട അടയാളങ്ങളെല്ലാം അവര്‍ മാറ്റി. ഇങ്ങനെയുള്ള പരിചരണങ്ങള്‍ക്കൊടുവിലാണ് ഇപ്പോൾ ജെഫറി കിടക്കയിൽ നിന്നെഴുന്നേറ്റത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top