മിനിമം ബാലന്‍സ് നിബന്ധന റിസര്‍വ് ബാങ്ക് പുനഃപരിശോധിക്കുന്നു

സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് നിബന്ധന റിസര്‍വ് ബാങ്ക് പുനഃപരിശോധിക്കുന്നു. മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ ഈടാക്കുന്ന ഏര്‍പ്പാടും ആര്‍ബിഐ പുനഃപരിശോധിക്കും. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെയും വിദേശ ബാങ്കുകളുടെയും ഉന്നത മാനേജ്‌മെന്റ് തലത്തിലുളളവരുടെ ശമ്പളം സംബന്ധിച്ച വ്യവസ്ഥകള്‍ ഉടന്‍ പരിഷ്‌കരിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കി.
നിലവില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകൾക്ക് ചുമത്തുന്ന പിഴ പല ബാങ്കുകളും വ്യത്യസ്ത തരത്തിലാണ് ഈടാക്കിയിരുന്നത്. വിദേശ, സ്വകാര്യ ബാങ്കുകള്‍ നിനിമം ബാലന്‍സ് ഇല്ലാത്തതിന് മാസം 600 ലേറെ രൂപ വരെ ഈടാക്കിയിരുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികളും ഉയര്‍ന്നിരുന്നു.
നിലവില്‍ മെട്രോ, നഗരം, അര്‍ധ നഗര പ്രദേശം, ഗ്രാമീണ മേഖല എന്നിങ്ങനെ മൂന്ന് മേഖലകളാക്കി തിരിച്ച് മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് വ്യത്യസ്ത നിരക്കുകളിലാണ് പിഴ ഈടാക്കി വരുന്നത്. വേണ്ടത്ര മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ എസ്എംഎസ് വഴിയോ ഇ മെയില്‍ വഴിയോ അക്കൗണ്ട് ഉടമയെ അറിയിക്കുകയും പിഴ ഈടാക്കുകയുമാണ് ചെയ്തുവരുന്നത്.
മിനിമം ബാലന്‍സ് ഇല്ലാത്തതിന് ബാങ്കുകള്‍ കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 10,000 കോടിരൂപയാണ് പിഴയായി ഈടാക്കിയത്. 18 പൊതുമേഖലാ ബാങ്കുകള്‍ 6155 കോടിരൂപ പിരിച്ചെടുത്തപ്പോള്‍, നാല് പ്രമുഖ സ്വകാര്യബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് 3567 കോടിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here