Advertisement

ജൂതവംശത്തിന്റെ ചിത്രം വരച്ചുകാട്ടിയ സാറാ കോഹൻ ഓർമയായി

August 31, 2019
Google News 0 minutes Read

കേരളത്തിലെ ജൂതവംശജരിൽ അവസാന കണ്ണികളിലൊരാളാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ സാറാ കോഹൻ. കേരളത്തിൽ താമസിക്കുന്ന ജൂതരിൽ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു 97കാരിയായ സാറ. മട്ടാഞ്ചേരിയിലേക്ക് കുടിയേറിയ ജൂത വംശജരിൽ ഇളയ പിന്മുറക്കാരിയായ സാറ കോഹൻ മട്ടാഞ്ചേരിക്കാർക്ക് തങ്ങളുടെ പ്രിയപ്പെട്ട സാറ മുത്തശ്ശിയായിരുന്നു.

1948 ൽ ഇസ്രായേൽ രൂപീകരിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് ജീവൻ മാത്രം മുന്നിൽ കണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് പലായനം ചെയ്തവരിൽ സാറാ കോഹന്റെ കുടുംബവുമുണ്ടായിരുന്നു. അവർ വന്നെത്തിയത് മലയാളത്തിന്റെ സ്വന്തം മണ്ണിൽ. കേരളീയർ അവരെ സ്‌നേഹത്തോടെ സ്വീകരിച്ചു. വർഷങ്ങൾക്ക് ശേഷം സ്വന്തം ഭൂമിതേടി എല്ലാവരും തിരിച്ചുപോയപ്പോൾ സാറാ കോഹൻ മാത്രം, ഇതാണ് തന്റെ നാടെന്ന് പ്രഖ്യാപിച്ച് കേരളം വിട്ടില്ല. കൊച്ചിയിൽ ജീവിതം തുടർന്നു.

കൊച്ചിയിൽ ജനിച്ച ബാഗ്ദാദ് വംശജൻ ജേക്കബ് കോഹനുമായി 1942ലായിരുന്നു സാറയുടെ വിവാഹം. മട്ടാഞ്ചേരിയിൽ ജൂതവംശജരെയും ജൂത തെരുവിനെയും കാണാനെത്തിയ സന്ദർശകർക്ക് സ്‌നേഹസ്പർശത്തിനൊപ്പം ജൂതവംശത്തിന്റെ ചിത്രം വരച്ചുകാട്ടി സാറ. തന്റെ തുന്നൽപ്പണികളിലൂടെ ജൂതപാരമ്പര്യം പറഞ്ഞു തരുന്ന തൊപ്പിയും തൂവാലകളുമൊക്കെ അവർ പ്രദർശിപ്പിച്ചു. അതിനായി അവർ ഒരു കൊച്ചു സ്ഥാപനം തന്നെയുണ്ടാക്കി. മട്ടാഞ്ചേരിയിൽ ജൂത തെരുവും ചരിത്ര സ്മാരകമായ സിനഗോഗും കാണാനെത്തുന്നവർക്ക് സാറ മുത്തശ്ശിയെ കാണാതിരിക്കാനോ കഥകൾ കേൾക്കാതിരിക്കാനോ കഴിയുമായിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ജേക്കബ് കോഹൻ മരിച്ചതിന് ശേഷം താഹ ഇബ്രാഹിം എന്ന മട്ടാഞ്ചേരിക്കാരനാണ് സാറയെ പരിചരിച്ചിരുന്നത്. മരിക്കുന്നതിന് മുമ്പ് ജേക്കബ് പറഞ്ഞ വാക്കുകൾ മനസിൽ ഏറ്റിയാണ് താഹ ഇബ്രാഹിം സാറയ്ക്ക് തണലായത്.

കൊച്ചിയുമായി സാറയ്ക്ക് അത്രമേൽ ആത്മബന്ധമായിരുന്നു. പ്രായാധിക്യം ബാധിച്ചിട്ടും തെരഞ്ഞെടുപ്പു കാലത്ത് വോട്ടു ചെയ്യാൻ എത്തിയതും ഏറെ ശ്രദ്ധ നേടി. വിശ്വാസത്തിനൊപ്പം ആചാരങ്ങളെയും മുറുകെപ്പിടിച്ചവരാണ് ജൂതന്മാർ. സാറാ കോഹനും അങ്ങനെ ആയിരുന്നു. ജൂത തെരുവിൽ സാറയെ കണ്ടവരാരും ഒരിക്കലും മറക്കില്ല, ആ സ്‌നേഹസ്പർശം ഇല്ലാതായാലും…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here